മോഷണക്കേസ്; പൊലീസ് എത്തിയപ്പോള്‍ വീട്ടുകാരുടെ ആത്മഹത്യാശ്രമം

എരുമേലി: സ്‌കൂളില്‍ മോഷണം നടത്തിയെന്നു സംശയിക്കുന്ന യുവാവിനെ പിടികൂടാന്‍ പൊലീസ് എത്തിയപ്പോള്‍ അമ്മയും വല്യമ്മയും തലയില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തി. ഇന്നലെ എരുമേലി ചരളയിലാണു സംഭവം.

ചരള വാവര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ കഴിഞ്ഞ ആഴ്ച മോഷണം നടന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് എസ്‌ഐയും വനിതാ പൊലീസും ഉള്‍പ്പെടുന്ന സംഘം വീട്ടിലെത്തിയത്.

എന്നാല്‍ 18 വയസ്സുള്ള മകനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വീട്ടുകാര്‍ തടഞ്ഞു. യുവാവിന്റെ മാതാവും വല്യമ്മയും പൊലീസിനെ കണ്ടതോടെ തലയില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ പൊലീസ് പിന്‍വാങ്ങി.

യുവാവിനെ കണ്ടെത്താനുമായില്ല. വാവര്‍ സ്‌കൂളില്‍ നിന്നു 10,000 രൂപയാണു നഷ്ടപ്പെട്ടത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് വീട്ടുകാര്‍ക്കെതിരെ കേസെടുത്തു.

 

 

Top