ഇടുക്കിയിലെ മറയൂരിൽ മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു

ഇടുക്കി : ഇടുക്കി മറയൂരിൽ മോഷണകേസിലെ പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു. തമിഴ്നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് രക്ഷപ്പെട്ടത്. ദിണ്ടുക്കൽ – കൊടൈറോഡിൽ വെച്ച് മൂത്രമൊഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങി എസ്ഐയെ ആക്രമിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ബാലമുരുകൻ തമിഴ്നാട്ടിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. റിമാന്റിലായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെങ്കാശിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം തിരികെ പോരുന്നതിനിടെയാണ് രക്ഷപ്പെട്ടത്.

അതേസമയം തിരുവനന്തപുരം മംഗലപുരത്ത് ഇന്നലെ വീടിന്റെ ജനൽ കമ്പി അറുത്ത് 15 പവൻ കവർന്ന അയൽക്കാരൻ മണിക്കൂറുകൾക്കകം പിടിയിലായി. പള്ളിപ്പുറം പുതുവൽ ലൈനിൽ പ്രവാസിയായ മുഹമ്മദ് ഹസ്സന്റെ വീട്ടിൽ നിന്നാണ് സ്വർണ്ണം കവർന്നത്. പൊലീസ് നായ മണം പിടിച്ച് അയൽവാസിയായ ഹുസൈന്റെ വീട്ടിലെത്തി. ചോദ്യം ചെയ്യലിൽ ഹുസൈൻ കുറ്റം സമ്മതിക്കുകയും ചെയ്തു. സ്വർണ്ണം നഷ്ടപ്പെട്ട വീടിനടുത്തായി ഹുസൈൻ പമ്മി നടക്കുന്നത് കണ്ടെന്ന് അയൽക്കാരുടെ മൊഴിയും പൊലീസിന് കിട്ടിയെന്ന നാട്ടുകാരുടെ മൊഴിയും നിർണ്ണായകമായി.

Top