അതിഥി തൊളിലാളികളുടെ താമസസ്ഥലത്ത് മോഷണം; 3 പേർ പിടിയിൽ

കോഴിക്കോട്: അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് മോഷ്ടിക്കുന്നത് പതിവാക്കിയ മൂന്നംഗസംഘം പോലീസിന്റെ പിടിയില്‍. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് ചേലിക്കര വീട്ടില്‍ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര ചേലൂപാടം മരക്കാംകാരപറമ്പ് രജീഷ്, മൂടാടി മുചുകുന്ന് പുളിയഞ്ചേരി കിഴക്കെവാര്യം വീട്ടില്‍ ഷാനിദ് എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോകുന്നത് പതിവായ സാഹചര്യത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ അമോസ് മാമന്റെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് രഹസ്യ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ മെഡിക്കല്‍ കോളേജിന് സമീപം ഒരു താമസസ്ഥലത്ത് നിന്നും മോഷ്ടിച്ച എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഒരാള്‍ പണം പിന്‍വലിച്ചത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു.

എന്നാല്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് മോഷ്ടാവ് എ.ടി.എം കൗണ്ടറില്‍ എത്തിയത്. ഇതുംസബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെ മെഡിക്കല്‍ കോളേജ് പരിസരത്തെ അതിഥി തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സില്‍ മോഷ്ടിക്കാന്‍ കയറിയ ജിംനാസിനെ തൊഴിലാളികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണ് മറ്റു പ്രതികളെ പാളയത്തെ ലോഡ്ജില്‍നിന്ന് പിടികൂടിയത്.

Top