ചെറായി പെട്രോൾ പമ്പിലെ മോഷണം; ദമ്പതികൾ പിടിയിൽ

കൊച്ചി: ചെറായി പെട്രോൾ പമ്പിലെ മോഷണക്കേസിൽ ദമ്പതികൾ അറസ്റ്റിൽ. തൃശൂർ പട്ടിക്കാട് സ്വദേശികളായ റിയാദ്, ഭാര്യ ജോസ്ന മാത്യു എന്നിവരാണ് പിടിയിലായത്. അത്താണിയിലുള്ള ലോഡ്ജിൽ നിന്ന് മുനമ്പം പൊലീസാണ് പ്രതികളെ പിടികൂടിയത്.

ചെറായി ജങ്ഷനിലെ രംഭ ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിലെ ഓഫീസ് മുറി കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു മോഷണം.

പ്രതികൾ പെട്രോൾ പമ്പിലെത്തുന്നതിനും തിരികെ പോകുന്നതിനും ഉപയോഗിച്ച മാരുതി കാറും പെട്രോൾ പമ്പ് കുത്തിത്തുറക്കാൻ ഉപയോഗിച്ച സ്ക്രൂ ഡ്രൈവറും കണ്ടെടുത്തു.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രണ്ട് പ്രതികളിൽ ഒരാൾ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഒന്നാം പ്രതി റിയാദ് എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇരുപതിൽ അധികം മോഷണ കേസുകളിൽ പ്രതിയാണ്.

Top