തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എഴുന്നള്ളിപ്പില്‍ പങ്കെടുക്കാനാകുമോ ; തീരുമാനം ഇന്നറിയാം

തൃശൂർ: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് തൃശൂര്‍ പൂരം എഴുന്നള്ളിപ്പില്‍ പങ്കെടുക്കാനാകുമോ എന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. മൂന്നംഗ ഡോക്ടര്‍മാരുടെ സംഘം ഇന്ന് ആനയുടെ ശാരീരിക ക്ഷമത പരിശോധിക്കും. ഫിറ്റ്നെസ് ഉറപ്പാക്കിയ ശേഷം പൂര വിളംബരത്തിന് എഴുന്നെള്ളിക്കാൻ അനുമതി നല്‍കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചിരുന്നു.

ഇന്ന് വൈകിട്ട് മൂന്നിനാണ് പരിശോധന. പരിശോധനാ ഫലം അനുകൂലമെങ്കില്‍ നിയന്ത്രണങ്ങളോടെയായിരിക്കും എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കുക. ഒന്നര മണിക്കൂര്‍ മാത്രമായിരിക്കും എഴുന്നള്ളിപ്പിന് അനുവദിക്കുക. മെയ് 12ന് രാവിലെ ഒന്‍പത് മുതല്‍ പത്തര വരെ. ആനയുടെ സമീപത്ത് 15 ആളുകള്‍ക്ക് മാത്രമായിരിക്കും പ്രവേശന അനുമതി ഉണ്ടാവുക. ആനയുടെ ഉടമയായ തെച്ചിക്കോട്ടുകാവ് ദേവസ്വം ഇക്കാര്യത്തില്‍ രേഖാമൂലം ഉറപ്പ് നല്‍കുകയും വേണം.

മുൻ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവില്‍ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക. തുടര്‍ന്ന് ഒന്നര മണിക്കൂറിനകം ചടങ്ങ് പൂര്‍ത്തിയാക്കണം.ജനങ്ങളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കും.

തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന് അനുമതി കിട്ടിയതോടെ പ്രതിഷേധിച്ചിരുന്ന ആന ഉടമകള്‍ അയഞ്ഞു. കളക്ടര്‍ മുന്നോട്ടുവെച്ച എല്ലാ ഉപാധികളോടും സഹകരിക്കും. ഇതോടെ മൂന്ന് ദിവസമായി തുടരുന്ന പ്രതിസന്ധിക്ക് അവസാനമായി. തിങ്കളാഴ്ചയാണ് തൃശൂര്‍ പൂരം

Top