യോഗത്തിലെടുത്ത തീരുമാനം മന്ത്രി നടപ്പാക്കിയില്ല; കെ രാജുവിനെതിരെ ഗണേഷ്‌കുമാര്‍

കൊല്ലം: വനംവകുപ്പ് മന്ത്രി കെ രാജുവിനെതിരെ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ രംഗത്ത്. തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ മൂന്ന് ദിവസം എഴുന്നള്ളിക്കാമെന്ന തരത്തില്‍ മന്ത്രി തല ചര്‍ച്ചയില്‍ തീരുമാനെടുത്തിരുന്നെന്നും അത് പിന്നീട് അട്ടിമറിയ്ക്കുകയായിരുന്നുവെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

യോഗത്തിലെടുത്ത തീരുമാനം മന്ത്രി നടപ്പാക്കിയില്ല. പകരം തീരുമാനത്തിന് വിരുദ്ധമായി ഉത്തരവിറക്കി. ഇത് ദൗര്‍ഭാഗ്യകരമാണ്. വനം മന്ത്രി ആരുടേയോ സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടു, അദ്ദേഹം ആരോപിച്ചു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന വ്യക്തമാക്കിയിരുന്നു. മന്ത്രിതല യോഗത്തില്‍ ഉണ്ടായ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. ഉടമകള്‍ ആനകളെ പീഡിപ്പിച്ച് കോടികള്‍ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും ആന ഉടമകളുടെ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top