തിയേറ്റർ പീഡനം: പോലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: മലപ്പുറം എടപ്പാളില്‍ ബാലികയെ തിയേറ്റില്‍ ശാരീരികമായി പീഡിപ്പിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികളും ക്രിമിനല്‍ നടപടികളും എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും ചെന്നിത്തല കത്ത് നല്‍കി.

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സഹായം ചെയ്ത് കൊടുത്ത സ്ത്രീയും പോക്‌സോ നിമയപ്രകാരം കുറ്റം ചെയ്തിരിക്കുകയാണ്. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ തിയേറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ വിഭാഗത്തിന് കൈമാറിയിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ചൈല്‍ഡ് ലൈന്‍ ഏപ്രില്‍ 26ന് ദൃശ്യങ്ങള്‍ സഹിതം ചങ്ങരംകുളം പൊലീസിന് പരാതി നല്‍കിയെങ്കിലും സംഭവം അന്വേഷിക്കാനോ പ്രതിയെ പിടികൂടാനോ പൊലീസ് ശ്രമിച്ചില്ല.

കുട്ടികള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ ആരെങ്കിലും കാണുകയോ ആരുടെയെങ്കിലും അറിവിലോ ശ്രദ്ധയിലോ പെടുകയും ചെയ്താല്‍ പോക്‌സോ നിയമത്തിലെ 19(1) വകുപ്പ് പ്രകാരം ലോക്കല്‍ പൊലീസിനെയും പ്രത്യേകം ജുവനൈല്‍ പൊലീസിനെയോ വിവരമറിയിക്കുകയും പൊലീസ് അത് രേഖപ്പെടുത്തുകയും വേണമെന്നാണ് ചട്ടം.

ഈ കേസില്‍ പ്രതിക്ക് വേണ്ടി നിലകൊണ്ട ഡി.വൈ.എസ്.പിക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കുമെതിരെ പ്രതിയുമായി ഗൂഢാലോചന നടത്തിയതിന് നടപടിയെടുക്കണമെന്നും അവരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Top