കേരളത്തിലെ തിയേറ്ററുകൾ ഉടൻ തുറക്കില്ല

theatre

കേരളത്തിലെ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് സിനിമാ സംഘടനയായ ഫിയോക്. വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തീയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട്. ഇതോടെ പൊങ്കല്‍ റിലീസ് ആയി 13ന് എത്താനിരിക്കുന്ന തമിഴ് ചിത്രം മാസ്റ്ററിന്‍റെ കേരള റിലീസും നടക്കില്ല. അതേസമയം മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച അടുത്ത ചര്‍ച്ച നടത്താനിരിക്കുകയാണ് സിനിമാ സംഘടനകള്‍.

കൊച്ചിയില്‍ ചേര്‍ന്ന ഫിയോക് ജനറല്‍ ബോഡിയുടേതാണ് തീരുമാനം. പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാമെന്ന് പുതുവത്സര ദിനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം അഞ്ച് മുതല്‍ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് നഷ്ടമാണെന്നും വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് അനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം എടുക്കൂവെന്നും ഫിയോക് പ്രതികരിച്ചിരുന്നു.

Top