തിയറ്ററുകള്‍ ഹൗസ്ഫുള്‍; സന്തോഷം പങ്കുവച്ച് സണ്ണി വെയ്ന്‍

ണ്ണി വെയ്ന്‍ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’ക്ക് തിയറ്ററുകളില്‍ മികച്ച സ്വീകരണം. ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന്റെ മിക്ക റിലീസിങ് കേന്ദ്രങ്ങളിലും ഹൗസ്ഫുള്‍ ഷോ തുടരുകയാണ്. നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം. ഷിജിത്ത് ആണ് നിര്‍മ്മിക്കുന്നത്.

96 ഫെയിം ഗൗരി കിഷന്‍ ആദ്യമായി മലയാളത്തില്‍ നായികയായി എത്തിയ ചിത്രം കൂടിയാണ് അനുഗ്രഹീതന്‍ ആന്റണി. ഗൗരി-സണ്ണി വെയ്ന്‍ ജോഡികളുടെ പ്രണയമാണ് ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകം. കുട്ടികളെയും മുതിര്‍ന്നവരെയും കയ്യിലെടുക്കുന്ന അവതരണരീതിയാണ് ചിത്രത്തിന്റേത്. സിനിമയെ പ്രശംസിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.

സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്റണി പ്രേക്ഷകരിലേക്ക് എത്തിയത്. അരുണ്‍ മുരളീധരന്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്.

സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജിഷ്ണു എസ് രമേശിന്റേയും, അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. സെല്‍വകുമാര്‍ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങും നിര്‍വഹിക്കുന്നു.

 

Top