തിയറ്ററുകളില്‍ ആളെ നിറച്ച് ‘രോമാഞ്ചം’; 10 ദിവസത്തെ കളക്ഷൻ റിപ്പോർട്ട്

ലിയ കൊട്ടും ബഹളവുമില്ലാതെ തിയറ്ററുകളിലെത്തിയ ചില ചിത്രങ്ങള്‍ വമ്പന്‍ ജനപ്രീതി നേടുന്നതിന് കഴിഞ്ഞ വര്‍ഷം മലയാള സിനിമ സാക്ഷ്യം വഹിച്ചിരുന്നു. ജയ ജയ ജയ ജയ ഹേ, മാളികപ്പുറം തുടങ്ങിയവ അതിന് ഏതാനും ചില ഉദാഹരണങ്ങള്‍. ഇപ്പോഴിതാ ഈ വര്‍ഷവും അത്തരത്തിലൊരു ചിത്രം വലിയ ബോക്സ് ഓഫീസ് വിജയം നേടുകയാണ്. നവാഗതനായ ജിത്തു മാധവന്റെ സംവിധാനത്തില്‍ എത്തിയ രോമാഞ്ചമാണ് ആ ചിത്രം. ഈ വാരാന്ത്യത്തില്‍ തിയറ്ററുകളില്‍ ഏറ്റവുമധികം പ്രേക്ഷകരെ എത്തിച്ച മലയാള ചിത്രം ഇതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ 10 ദിനങ്ങളിലെ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിനങ്ങളിലെ കളക്ഷന്‍ മാത്രം നാലര കോടിക്ക് മുകളില്‍ വരുമെന്ന് വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നു. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്ന ഗ്രോസ് കളക്ഷന്‍ 14.5 കോടി മുതല്‍ 20 കോടി വരെയാണെന്നാണ് കണക്കുകള്‍. ഫെബ്രുവരി 3 ന് കേരളത്തില്‍ 146 സ്ക്രീനുകളിലായി പ്രദര്‍ശനം ആരംഭിച്ച ചിത്രം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ തിയറ്ററുകള്‍ നിറയ്ക്കുകയായിരുന്നു. വാരാന്ത്യത്തില്‍ വലിയ നേട്ടമുണ്ടാക്കുന്ന ചിത്രത്തിന് ഈ ശനിയാഴ്ച മാത്രം കേരളത്തില്‍ 38 എക്സ്ട്രാ പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ടൊരു ചിത്രം ഏറെക്കാലത്തിന് ശേഷമാണ് മലയാളത്തില്‍ നിന്ന് എത്തുന്നത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. സൌബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങി അഭിനയിച്ചവരുടെ മികവുറ്റ പ്രകടങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്.

Top