theater strike

theatre-strike

കൊച്ചി: തീയറ്റര്‍ വിഹിതത്തെ ചൊല്ലി നിര്‍മാതാക്കളും വിതരണക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ജനുവരി 10 ന് നടക്കുന്ന എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ ജനറല്‍ ബോഡിയില്‍ അന്തിമ തീരുമാനം ഉണ്ടാകും. മുഴുന്‍ തീയറ്ററുകളും അടച്ചിടാനാണ് തീരുമാനം.

കൊച്ചിയില്‍ വെച്ചാണ് യോഗം. സര്‍ക്കാരില്‍ നിന്ന് നീതി കിട്ടുന്നില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പറഞ്ഞു.

തീയറ്റര്‍ വിഹിതത്തെ ചൊല്ലി എ ക്ലാസ് തീയറ്ററുടമകളും നിര്‍മാതാക്കളും തമ്മില്‍ തുടരുന്ന തര്‍ക്കം മൂലം പുതിയ സിനിമകളുടെ റിലീസ് മുടങ്ങിയിരുന്നു.

നിലവില്‍ തീയറ്ററിലുണ്ടായിരുന്ന മലയാള ചിത്രങ്ങളും പിന്‍വലിച്ചിരുന്നു. ഇതോടെ പല എ ക്ലാസ് തീയറ്ററുകളും അടച്ചിടേണ്ട സ്ഥിതിയിലായി. ഇതോടെയാണ് സംസ്ഥാനത്തെ മുഴുവന്‍ എ ക്ലാസ് തീയറ്ററുകളും അടച്ചിടാന്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആലോചിക്കുന്നത്.

സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്റെ അഭ്യര്‍ഥന അവഗണിച്ചു മുന്നോട്ടുപോകുന്ന തീയറ്റര്‍ ഉടമകള്‍ക്കെതിരെ കര്‍ശന നിലപാടിലേക്കു നീങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമാരംഗത്തെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്ത് അറിയിക്കും. മുഖ്യമന്ത്രിയുടെ യോഗം സംബന്ധിച്ച തീരുമാനം വൈകാതെ ഉണ്ടാകും.

നിലവില്‍ പ്രദര്‍ശനത്തിനുള്ള അന്യഭാഷ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് തീയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ക്രിസ്മസിന് മുന്‍പ് ആരംഭിച്ച സിനിമ പ്രതിസന്ധി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആദ്യം വിളിച്ച യോഗം പരാജയപ്പെട്ടിരുന്നു.

തീയറ്ററുടമകളും നിര്‍മാതാക്കളും വിതരണക്കാരും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

പുതിയ മലയാള സിനിമയുടെ റിലീസ് മുടങ്ങിയതോടെ കോടികളുടെ നഷ്ടമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്.

Top