തീയറ്ററുകള്‍ സജീവം; മാര്‍ച്ച് 26 വരെ റിലീസിന് ഇരുപത് സിനിമകള്‍

കോവിഡ് പ്രതിസന്ധികള്‍ തരണം ചെയ്ത് മലയാള സിനിമ വീണ്ടും സജീവമാകുന്നു. ഇരുപതോളം ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്. ജയസൂര്യ നായകനായ ‘വെള്ളം’ ആണ് ഇതില്‍ ആദ്യം തീയറ്ററുകളിലെത്തുക. ചിത്രം ജനുവരി 22ന് റിലീസ് ചെയ്യും. മാര്‍ച്ച് 26 വരെ ഇരുപത് സിനിമകള്‍ റിലീസ് ചെയ്യാനാണ് തീരുമാനം.

മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന ‘പ്രീസ്റ്റ്’ ഫെബ്രുവരി നാലിന് തീയറ്ററുകളിലെത്തും. തൊട്ടുപിന്നാലെ 29ന് രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്യുക. ആഷിക് ഉസ്മാന്‍ നിര്‍മിച്ച് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ലൗ’, ആര്‍ ഉണ്ണിയുടെ എഴുത്തില്‍ കാവ്യ പ്രകാശ് ഒരുക്കുന്ന ‘വാങ്ക്’ എന്നിവയാണത്.

ഫെബ്രുവരി നാലിന് എത്തുന്ന പ്രീസ്റ്റിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെ മോഹന്‍കുമാര്‍ ഫാന്‍സ് എത്തും. ഫെബ്രുവരി 12ന് മൂന്ന് സിനിമകള്‍ റിലീസ് ചെയ്യും. അജു വര്‍ഗീസ് നായകനായ സാജന്‍ ബേക്കറി, വിനായകനും ബാലുവര്‍ഗീസും അഭിനയിക്കുന്ന ‘ഓപ്പറേഷന്‍ ജാവ’, അമിത് ചക്കാലയ്ക്കല്‍ നായകനായ ‘യുവം’ എന്നിവയാണ് 12ന് എത്തുന്നത്.

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ പ്രമേയമാക്കിയ ‘മരട് 357’, വെളുത്ത മധുരം, പാര്‍വതി നായികയാകുന്ന വര്‍ത്തമാനം എന്നീ സിനിമകള്‍ ഫെബ്രുവരി 19ന് എത്തും. ഫെബ്രുവരി 26ന് നാല് സിനിമ കൂടി റിലീസാകും. ‘സഹ്യാദ്രിയിലെ ചുവന്ന പൂക്കള്‍’, ‘അജഗജാന്തരം’, ജയസൂര്യ നായകനായ ‘സണ്ണി’, ‘ടോള്‍ ഫ്രി 1600 – 600 – 60 ‘എന്നിവയുടേതാണ് 26ലെ റിലീസുകള്‍.

അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍-നയന്‍താര ചിത്രം ‘നിഴല്‍’ മാര്‍ച്ച് നാലിന് റിലീസ് ചെയ്യും. ലാല്‍-ജീന്‍ പോള്‍ ലാല്‍ എന്നിവരുടെ സംവിധാനത്തില്‍ മുകേഷ്, ഇന്നസെന്റ് എന്നിവര്‍ ഉള്‍പ്പെടെയുള്ള താരനിര അണിനിരക്കുന്ന ‘സുനാമി’ മാര്‍ച്ച് 21നും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം മാര്‍ച്ച് 26നും തീയറ്ററുകളിലെത്തും.

Top