ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി; ആക്രമണം നടന്നത് മെഡിക്കല്‍ ഷോപ്പില്‍

കാസര്‍കോട് ചെറുവത്തൂരിലെ മെഡിക്കല്‍ ഷോപ്പില്‍വെച്ച് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി. ചെറുവത്തൂര്‍ സ്വദേശിയായ പ്രദീപനാണ് ഭാര്യ ബിനിഷയെ ഇവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി ആക്രമിച്ചത്. കൈയിലും മുഖത്തും സാരമായി പൊള്ളലേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി പ്രദീപനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ദാമ്പത്യപ്രശ്നങ്ങള്‍ കാരണം പ്രദീപനും ബിനിഷയും ഏതാനുംനാളുകളായി അകന്നുതാമസിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രദീപന്‍ ഭാര്യയെ ആക്രമിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ചെറുവത്തൂരിലെ വി.ആര്‍. മെഡിക്കല്‍ ഷോപ്പിലാണ് ബിനിഷ ജോലിചെയ്യുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഇവിടെയെത്തിയ പ്രദീപന്‍ ഭാര്യയുമായി ആദ്യം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഭാര്യയുടെ ദേഹത്ത് ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. സംഭവസമയം ബിനിഷ മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് സാരമായ പൊള്ളലേറ്റു. കടയിലെ ഏതാനും മരുന്നുകളും ഫര്‍ണ്ണീച്ചറുകളും കത്തിനശിച്ചിട്ടുണ്ട്.

Top