യുവാവിനെ മരത്തില്‍ കെട്ടിയിട്ട് വെട്ടികൊലപ്പെടുത്തി

വടക്കാഞ്ചേരി: കോടശ്ശേരിമലയിലെ നായാടിക്കോളനിയില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കല്ലുകൊണ്ട് അടിച്ചും വാളുകൊണ്ട് വെട്ടിയും കൊലപ്പെടുത്തി. തണ്ടിലം മനയ്ക്കലാത്ത് കൃഷ്ണന്റെ മകന്‍ സനീഷ് (28) ആണ് മരിച്ചത്.

കോളനി നിവാസി സത്യന്റെ മകള്‍ നാഗമ്മയെന്ന സമീറ (22), ഭര്‍ത്താവ് ചിയ്യാരം ആലുംവെട്ടുവഴി കൊണ്ടാട്ടുപറമ്പില്‍ ഇസ്മയില്‍ (38), ഇയാളുടെ ബന്ധു മണ്ണുത്തി ഒല്ലൂക്കര വലിയകത്ത് അസീസ് (27) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റിലുള്ള ആളുമായിരുന്നു മരിച്ച സനീഷ്.

കൂലിപ്പണിചെയ്തും ലോറി ഓടിച്ചും കഴിയുകയായിരുന്ന ഇയാള്‍ കോളനിയിലെ നിത്യസന്ദര്‍ശകനായിരുന്നു. സംഭവത്തിനുശേഷം സനീഷിന്റെ ബൈക്കില്‍ രക്ഷപ്പെട്ട പ്രതികളെ എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി.

നാഗമ്മയും സനീഷും പരിചയക്കാരാണ്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ സനീഷും സമീറ ഉള്‍പ്പെടെയുള്ള പ്രതികളും ഒരുമിച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്ന് സന്ധ്യയോടെ അടിപിടിയും ബഹളവും തുടങ്ങി. കൈയാങ്കളിയായതോടെ സമീപത്തെ കുടുംബങ്ങള്‍ കോളനിയില്‍ നിന്ന് പുറത്തേക്കിറങ്ങി. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സനീഷിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതാണ് കണ്ടത്. ഇതു തടയാന്‍ ശ്രമിച്ചെങ്കെിലും ഇസ്മയില്‍ വാള്‍ വീശി ഓടിച്ചെന്ന് സമീപവാസികള്‍ പറഞ്ഞു.

പരിക്കേറ്റ് ബോധമറ്റ സനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് എത്തിച്ചെങ്കിലും പ്രതികള്‍ അനുവദിച്ചില്ല. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തുന്നതിനു മുമ്പ് തന്നെ സനീഷ് മരിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Top