കുടുംബ വഴക്കിനിടെ ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭാര്യാ പിതാവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം വെട്ടുകാട് ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. വെട്ടുകാട് സ്വദേശി ലിജിന്‍ (33) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ ലിജിന്റെ ഭാര്യാപിതാവ് നിക്കോളാസ് വലിയതുറ പൊലീസിന്റെ കസ്റ്റഡിയിലാണ്.

ഇന്നലെ രാത്രി നിക്കോളാസിന്റെ വീടിനു സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി എത്തിയ ലിജിന്‍ നിക്കോളാസിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കുകയായിരുന്നു. മദ്യപാനിയായ ലിജിന്‍ സുഹൃത്തുക്കളുമായി മദ്യപിച്ച ശേഷമാണ് സംഭവ സ്ഥലത്തെത്തിയത്. പത്തിലധികം സുഹൃത്തുക്കള്‍ ലിജിനൊപ്പമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇരുട്ടില്‍ നടന്ന വഴക്കിനിടെ ലിജിന് കുത്തേല്‍ക്കുകയായിരുന്നു.

ശരീരത്തില്‍ മാരകമായ കുത്തേറ്റ ലിജിന്‍ സംഭവസ്ഥലത്തു കുഴഞ്ഞു വീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ലിജിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം വിട്ടു കൊടുക്കും.

Top