യുവാവ് വെട്ടേറ്റു മരിച്ചു; സുഹൃത്തുക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കുമ്പള: എണ്ണ മില്‍ തൊഴിലാളിയായ യുവാവിനെ വഴിയരികില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടുപിന്നാലെ കാസര്‍കോട് കുമ്പളയില്‍ രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച അര്‍ധരാത്രി നായ്കാപ്പ് സ്വദേശി ഹരീഷിനെ(38)വെട്ടേറ്റ് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഹരീഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സുഹൃത്തുക്കളെയാണു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമ്പള സ്വദേശികളായ റോഷന്‍ (21), മണി (19) എന്നിവരാണ് മരിച്ചത്.

തൊഴിലാളിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. മുറിവുകളോടെ വീണുകിടന്ന ഹരീഷിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് കാസര്‍കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. വ്യക്തി വൈരാഗ്യമായിരുന്നു കൊലയ്ക്ക് പിന്നിലെന്നു പൊലീസ് പറയുന്നു.

ഇന്നലെ വൈകുന്നേരം ആറരയോടെ വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ രണ്ട് മരങ്ങളിലായി തൂങ്ങിമരിച്ച നിലയിലാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹരീഷിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയായ ശാന്തിപ്പള്ളത്തെ ശ്രീകുമാറിന്റെ സുഹൃത്തുക്കളെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

Top