കുളിമുറി വൃത്തിയാക്കാന്‍ പറഞ്ഞതിന് സഹോദരനെ യുവാവ് കുത്തിക്കൊന്നു

ഭോപ്പാല്‍: കുളിമുറി വൃത്തിയാക്കാന്‍ പറഞ്ഞതിന് ജ്യേഷ്ഠ സഹോദരനെ യുവാവ് കുത്തിക്കൊന്നു. മധ്യപ്രദേശിലെ ഛോലാ സ്വദേശി അനിലാണ്(25) സഹോദരന്‍ നാനാക്രമിനെ(32) കുത്തിക്കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാത്രി പ്രതിയും കൊല്ലപ്പെട്ട സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മദ്യപിച്ച് വീട്ടിലെത്തിയ നാനാക്രം സഹോദരനോട് കുളിമുറി വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അനില്‍ ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അനില്‍ സഹോദരനെ കുത്തിക്കൊല്ലുകയുമായിരുന്നു. ശേഷം സമീപവാസികളെല്ലാം ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹം സമീപത്തെ കെട്ടിടത്തിന് പിന്‍വശത്ത് ഉപേക്ഷിക്കുകയുമാണുണ്ടായത്.

ചൊവ്വാഴ്ച രാവിലെ നാനാക്രമിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരനാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തതോടെ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

Top