ഹൂതി ആക്രമണത്തിനിരയായ ചരക്ക് കപ്പല്‍ ചെങ്കടലില്‍ മുങ്ങിയെന്ന് യെമന്‍ സര്‍ക്കാര്‍

ദുബായ്: ഹൂതി ആക്രമണത്തിനിരയായ ചരക്ക് കപ്പല്‍, ചെങ്കടലില്‍ മുങ്ങിയെന്ന് യെമന്‍ സര്‍ക്കാര്‍. വലിയ പാരിസ്ഥിതിക ദുരന്തത്തിന് സാധ്യതെന്ന് മുന്നറിയിപ്പ്. ടണ്‍കണക്കിന് രാസവളം കൊണ്ടുപോവുകയായിരുന്ന കപ്പലാണ് മുങ്ങിയത്. നവംബറില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂത്തി ആക്രമണം തുടങ്ങിയ ശേഷം മുങ്ങുന്ന ആദ്യ കപ്പലാണ് ഇത്. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെയാണ് ഹൂത്തി വിമതര്‍ വാണിജ്യ കപ്പലുകള്‍ ആക്രമിക്കാന്‍ തുടങ്ങിയത്. ഫെബ്രുവരി 18നാണ് റുബിമാര്‍ എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടത്.

ചെങ്കടലിനേയും ഗള്‍ഫ് ഓഫ് ഈദനേയും ബന്ധിപ്പിക്കുന്ന ബാബ് എല്‍ മാന്‍ദേബില്‍ വച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. യെമനിലെ സര്‍ക്കാരും പ്രാദേശിക സൈന്യവും കപ്പല്‍ മുങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബെയ്‌റൂട്ടില്‍ നിന്നായിരുന്നു ഈ കപ്പലിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ കാലാവസ്ഥ കൂടി പ്രതികൂലമായതിന് പിന്നാലെയാണ് റൂബിമാര്‍ മുങ്ങിയതെന്നാണ് യെമന്‍ വിശദമാക്കുന്നത്. ആക്രമണത്തിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ട കപ്പലിനെ ഒരു സുരക്ഷിത തുറമുഖത്തേക്ക് കെട്ടി വലിച്ച് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കപ്പല്‍ മുങ്ങിയത്.

ചെങ്കടല്‍ ഇടുക്കിലെ ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമായിരിക്കുന്നത് ഇസ്രയേല്‍ ഹമാസ് യുദ്ധമാണ്. ലെബനണിലെ ഹിസ്ബുള്ളയുടെ നേതൃത്വവും, ഇറാന്റെ നിശബ്ദ പിന്തുണയും ഊര്‍ജ്ജമാക്കിയ യെമനിലെ വിഘടനവാദി സംഘമായ ഹൂതികളാണ് അവിടെ ആക്രമണം നടത്തുന്നത്. സനയും വടക്കന്‍ യെമനും ചെങ്കടലിന്റെ തീരപ്രദേശവും ഇന്ന് ഹൂതികളുടെ വരുതിയിലാണ്.

Top