ബെര്‍ബറ്റോവ് ഇല്ലാതെ മഞ്ഞപ്പട ഇന്ന് സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും

berbetove

കൊച്ചി: ആദ്യ ജയം പ്രതീക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വെള്ളിയാഴ്ച സ്വന്തം തട്ടകത്തിലിറങ്ങുമ്പോള്‍ എതിരാളിയായി എത്തുന്നത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ പോയന്റ് നിലയില്‍ ഏഴാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും എട്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ഏറ്റുമുട്ടല്‍ രാത്രി എട്ടുമണിക്ക് ആരംഭിക്കും.

എന്നാല്‍ പ്ലേമേക്കറുടെ റോളില്‍ ബെര്‍ബറ്റോവ് ഇല്ലാത്തതിനാല്‍ ബ്ലാസ്റ്റേഴ്‌സിന് പുതിയ കോമ്പിനേഷന്‍ കണ്ടെത്തേണ്ടിവരും. ഹോള്‍ഡിങ് മിഡ്ഫീല്‍ഡറുടെ റോളാണ് ടീമിനെ പരിതസ്ഥിതിയിലാക്കിയിരിക്കുന്നത്.

പരിക്കേറ്റ വെസ് ബ്രൗണും ഇയാന്‍ ഹ്യൂമും ഫിറ്റാണെന്ന് കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍ പറഞ്ഞെങ്കിലും ഇവര്‍ ഗ്രൗണ്ടിലിറങ്ങുമോ എന്നതില്‍ വ്യക്തതയില്ല.

വെസ് ബ്രൗണ്‍ കളിച്ചാല്‍ ഡിഫന്‍സ് ശക്തമാകും. അതേസമയം സസ്‌പെന്‍ഷനുശേഷം സി.കെ. വിനീത് ടീമില്‍ തിരിച്ചെത്തുന്നത് ആരാധകര്‍ക്കും ടീമംഗങ്ങള്‍ക്കും ആശ്വാസമാണ്.

അവസാനം കളിച്ച മത്സരത്തില്‍ ഇരുടീമുകളും പരാജയം നേരിട്ടവരാണ്. എന്നാല്‍ കൊച്ചിയില്‍ ഇതുവരെ നോര്‍ത്ത് ഈസ്റ്റിനോട് തോറ്റിട്ടില്ലെന്ന ചരിത്രവും ആത്മവിശ്വാസവുമായാണ് മഞ്ഞപ്പട ഇന്ന് കളത്തിലിറങ്ങുക.

കളിക്കുന്നത് കേരള ടീമാണെങ്കിലും കളിക്കളത്തില്‍ കൂടുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാകും.

ജാക്കിചന്ദ് സിങ്, മിലന്‍സിങ്, സിയം ഹംഗല്‍, ലാല്‍റുവത്താര, ലാല്‍ത്താക്കിമ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇവിടെനിന്നുള്ളവരാണ്.

”ബെര്‍ബയില്ലാത്തത് ക്ഷീണമാണ്. പക്ഷേ, മുമ്പോട്ടുപോയേ പറ്റൂ. ടീമിന് വിജയദാഹമുണ്ട്. ഹാളിചരണ്‍ നര്‍സാറി, ദുംഗല്‍ എന്നിവരെ സൂക്ഷിക്കണം.” റെനെ മ്യൂലന്‍സ്റ്റീന്‍, ബ്ലാസ്റ്റേഴ്‌സ് കോച്ച്

”വിങ്ങിലൂടെ അറ്റാക്ക് ചെയ്യുന്ന ഡിഫന്‍ഡര്‍മാര്‍ ബ്ലാസ്റ്റേഴ്‌സിന്റെ കരുത്താണ്. നന്നായി കളിച്ചാല്‍ കാണികള്‍ ഞങ്ങളെയും പിന്തുണയ്ക്കുമെന്നുറപ്പാണ്.” ജാവോ കാര്‍ലോസ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച്

Top