വംശനാശത്തിൽ വടക്കന്‍ വെളുത്ത കാണ്ടാമൃഗങ്ങൾ ; രോഗാവസ്ഥയിൽ മൂന്നെണ്ണത്തിൽ ഒന്ന്

ഗോളതലത്തിൽ കാണ്ടാമൃഗങ്ങൾ വംശനാശം നേരിടുന്നുണ്ട്. ആഫ്രിക്കയിലെ വടക്കന്‍ വെളുത്ത കാണ്ടാമൃഗങ്ങള്‍ എന്നറിയപ്പെടുന്ന കാണ്ടാമൃഗങ്ങളുടെ വംശം മുഴുവനായും ഇല്ലതാവുകയാണ് ഇപ്പോൾ.

ലോകത്തിൽ ഇവയുടെ കൂട്ടത്തില്‍ ഇനി അവശേഷിക്കുന്നത് വെറും മൂന്നെണ്ണം മാത്രമാണ്. ഒരു ആണും രണ്ട് പെണ്ണും. ഇതിൽ ആൺ കാണ്ടാമൃഗത്തിന്റെ ആരോഗ്യ സ്ഥിതി മോശമായിരിക്കുകയാണ്. അതിനാൽ ഇവരിലൂടെ ഈ വംശത്തിന്റെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമം വഴിമുട്ടിയിരിക്കുകയാണ്.

ആഫ്രിക്കയില്‍ രണ്ടുതരം വെളുത്ത കാണ്ടാമൃഗങ്ങളാണ് കാണപ്പെടുന്നത്. വടക്കന്‍ വെളുത്ത കാണ്ടാമൃഗവും തെക്കന്‍ വെളുത്ത കാണ്ടാമൃഗവും. തെക്കന്‍ വെളുത്ത കാണ്ടാമൃഗങ്ങളെ അപേക്ഷിച്ചു വലിപ്പക്കുറവും രോമക്കൂടുതലുമാണ് വടക്കന്‍ വെളുത്ത കാണ്ടാമൃഗങ്ങളുടെ വ്യത്യാസം. കെനിയയിലും മറ്റു രാജ്യങ്ങളിലുമായി ആയിരക്കണക്കിനുണ്ടായിരുന്ന ഈ കാണ്ടാമൃഗങ്ങളുടെ എണ്ണമാണ് ഇപ്പോള്‍ മൂന്നായി ചുരുങ്ങിയിരിക്കുന്നത്.

തോക്കേന്തിയ കാവല്‍ക്കാരുടെ അകമ്പടിയില്‍ കെനിയയിലെ ഒല്‍ പെജേറ്റ പാര്‍ക്കിലാണ് ഇവയെ സംരക്ഷിക്കുന്നത്. സുഡാൻ എന്ന പേരുള്ള ആൺ കാണ്ടാമൃഗത്തിനാണ് ഇപ്പോൾ ആരോഗ്യ സ്ഥിതി മോശമായിരിക്കുന്നത്. ഫാത്തി, നജീൻ എന്നിങ്ങനെയാണ് മറ്റ് രണ്ട് പെൺ കാണ്ടാമൃഗങ്ങളുടെ പേര്.

s090512648

സുഡാന് കഴിഞ്ഞ വർഷം വലത് കാലിൽ ചെറിയൊരു അണുബാധ ഉണ്ടായിരുന്നു. തുടർന്ന് വിദഗ്ദ്ധമായി ചികിത്സ അവൻ നൽകിയിരുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുവെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ആദ്യം അണുബാധയുണ്ടായതിന് സമീപമായി വീണ്ടും അണുബാധ ഉണ്ടായെന്നും അത് മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിലവിൽ സുഡാന്റെ നില വഷളായിരിക്കുകയാണ്.

സുഡാന്‌ പുറകെ ബാക്കിയുള്ള രണ്ട് പെൺ കാണ്ടാമൃഗങ്ങളും ഇല്ലാതായാൽ ഭുമിയിൽ ജീവിച്ചിരുന്നു എന്ന് പറയുന്ന ജീവികളുടെ പട്ടികയിൽ വടക്കന്‍ വെളുത്ത കാണ്ടാമൃഗങ്ങളും ഉൾപ്പെടും. സുഡാന്റെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ പരിശ്രമിക്കുന്നുണ്ട്. എന്നാൽ അധികം പ്രതീക്ഷയില്ലെന്നാണ് വിലയിരുത്തൽ.

റിപ്പോർട്ട് : രേഷ്മ പി.എം

Top