മലേറിയയെ തുരത്താൻ ലോകത്തെ ആദ്യത്തെ പ്രതിരോധ വാക്‌സിൻ എത്തി

ജനീവ: മുപ്പതു വർഷത്തെ ശ്രമങ്ങൾക്കൊടുവിൽ വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യത്തെ മലേറിയ പ്രതിരോധ വാക്‌സിൻ ആഫ്രിക്കയിലെ മലാവിയിൽ ഉപയോഗിച്ചു തുടങ്ങി. ആർടിഎസ്എസ് എന്നാണ് മലേറിയ പ്രതിരോധ വാക്‌സിൻ അറിയപ്പെടുന്നത്. 2 വയസ്സുവരെയുള്ള കുട്ടികൾക്കാണ് വാക്‌സിൻ ലഭ്യമാകുക.

ആഫ്രിക്കയിലെ ഘാന, കെനിയ എന്നിവിടങ്ങളിലും പതിരോധ വാക്‌സിൻ അടുത്തയാഴ്ച മുതൽ ലഭ്യമാകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

പ്രതിവർഷം 4.35 ലക്ഷം പേരാണ് ലോകത്ത് മലേറിയ ബാധിച്ചു മരണപ്പെടുന്നത്. ഇതിൽ ഏകദേശം രണ്ടര ലക്ഷത്തിലേറെ പേർ ആഫ്രിക്കയിലാണ്.2016 ൽ ഇന്ത്യയിൽ 331 പേരാണ് മലേറിയ ബാധിച്ച് മരിച്ചത്.

വാക്‌സിൻ പരീക്ഷണാടിസ്ഥാനത്തിൽ നൽകിയപ്പോൾ, പത്തിൽ നാലു പേരുടെ രോഗം പ്രതിരോധിക്കാൻ കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.

ഈ വർഷം തന്നെ മൂന്ന് രാജ്യങ്ങളിലായി 3.60 ലക്ഷം കുട്ടികൾക്ക് വാക്‌സിൻ നൽകും. 9 മാസത്തിനിടെ 3 ഡോസും, 2 വയസ്സിന് മുൻപ് അവസാന ഡോസുമായി മൊത്തം 4 ഡോസ് കുത്തിവെയ്പാണ് നൽകുന്നത്.

Top