അടിമത്തം അവസാനിപ്പിക്കാതെ ലോകരാജ്യങ്ങൾ ; ഏറ്റവും കൂടുതല്‍ അടിമകൾ ആഫ്രിക്കയില്‍

ലോകം പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചിട്ടും മാറ്റമില്ലാതെ നിൽക്കുന്ന ചില കാര്യങ്ങൾ ഈ ഭുമിയിൽ ഉണ്ട്.

മാർട്ടിൻ ലൂതർ കിങ്ങും, നെൽസൺ മണ്ടേലയും പോരാടി നേടിയെടുത്ത അടിമത്തമില്ലായ്മക്കും, വർണവിവേചനത്തിനും ഇനിയും ലോകരാജ്യങ്ങൾക്കിടയിൽ മാറ്റമുണ്ടായിട്ടില്ല.

അടിമത്തം  അവസാനിച്ചിട്ടില്ല എന്നതിന് സൂചനയാണ് അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ പുതിയ പഠന റിപ്പോർട്ടുകൾ.

ലോകത്ത് അടിമകളായി കഴിയുന്നവര്‍ നാല് കോടിയിലേറെയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ പഠനത്തിലാണ് ഇക്കാര്യമുള്ളത്. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം വളരെക്കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷനുമായി സഹകരിച്ച് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, വാല്‍ക്ക് ഫ്രീ ഫൌണ്ടേഷന്‍ എന്നിവര്‍ നടത്തിയ പഠനത്തിലാണ് ദയനീയവും ഞെട്ടിപ്പിക്കുന്നതുമായ വിവരങ്ങള്‍ ഉള്ളത്.

2016 ല്‍ 2.5 കോടി പേര്‍ നിര്‍ബന്ധിത തൊഴിലിനും 1.5 കോടി പേര്‍ നിര്‍ബന്ധിത വിവാഹത്തിനും വിധേയരാക്കപ്പെട്ടു. മൊത്തം കണക്കിന്റെ 71 ശതമാനം അതായത് 2 കോടി 90 ലക്ഷം പേര്‍ സ്ത്രീകളാണ് .

യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള 1. കോടി 50 ലക്ഷം കുട്ടികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ്. ഇവരില്‍ കൂടുതലും കാര്‍ഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്.

17 ശതമാനം പേര്‍ സേവനമേഖലയിലും 11 ശതമാനം പേര്‍ വ്യാവസായിക മേഖലയിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ഇതിലൂടെ ഇവര്‍ക്ക് ലഭിക്കേണ്ട വിദ്യാഭ്യാസം, ഭക്ഷണം, പരിചരണം എല്ലാം നഷ്ടമാകുന്നു.

സ്ത്രീകളില്‍ പലരും ലൈംഗിക തൊഴിലിലായി അടിമവേല ചെയ്യുന്നവരാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 65 ലക്ഷം സ്ത്രീകളെ നിര്‍ബന്ധിത വിവാഹത്തിലേക്ക് നയിച്ചു.

തൊഴിലിടങ്ങളില്‍ കടുത്ത പീഡനങ്ങളും മനുഷ്യാവകാശ ലംഘനവുമാണ് നടക്കുന്നത്.

അടിമത്തത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ദുരിതം അനുഭവിക്കുന്നത് ആഫ്രിക്കയിൽ ആണ്.

Top