ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് നാളെ തുടക്കം

ഓവല്‍: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് നാളെ തുടക്കം. ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഇംഗ്ലണ്ടിലെ ഓവലിൽ ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് മത്സരം. ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്സിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഡിസ്നി+ ഹോട്സ്റ്റാറിലും മത്സരം തത്മസയം കാണാനാകും.

ലോക ക്രിക്കറ്റിന്റെ രാജാക്കന്മാരാകാനാണ് ഇന്ത്യയും ഓസ്ട്രേലിയയും നാളെ ഇറങ്ങുന്നത്. ഏകദിന, ടി20 ലോകകപ്പുകളും ചാംപ്യൻസ് ട്രോഫിയുമെല്ലാം നേടിയിട്ടുള്ള ഇരുടീമുകളുടെയും ഷോക്കേസിൽ ഇല്ലാത്തത് ഈ ടെസ്റ്റ് ചാംപ്യൻഷിപ്പ് മേസ് മാത്രം. ആ കുറവ് നികത്താനാണ് ഐസിസി റാങ്കിംഗിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ കൈയകലെ കൈവിട്ട ചാമ്പ്യന്‍ഷിപ്പ് കൈപ്പിടിയിലൊതുക്കാനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ ആദ്യമായാണ് ഓസീസ് ഫൈനലിലെത്തുന്നത്.

വമ്പന്‍ താരങ്ങളാൽ സമ്പന്നമാണ് ഇരുടീമുകളും. രോഹിത് ശര്‍മ്മ നയിക്കുന്ന ടീം ഇന്ത്യയുടെ കരുത്ത് ബാറ്റിംഗാണ്. രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുന്നത് ഉഗ്രൻ ഫോമിലുള്ള യുവാതാരം ശുഭ്മാൻ ഗിൽ. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിൻക്യ രഹാനെ എന്നിര്‍ കൂടി ചേരുന്ന ബാറ്റിംഗ് നിര.

എതിരാളികളെ കറക്കി വീഴ്ത്താൻ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും. ജസ്പ്രിത് ബുമ്രയില്ലെങ്കിലും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഏതൊരു ബാറ്ററെയും വിറപ്പിക്കാൻ പോന്നവര്‍. കൂട്ടിന് ഉമേഷ് യാദവോ അതോ ഷര്‍ദുൽ താക്കൂറോ എന്നതിൽ മാത്രം ആകാംഷ. വിക്കറ്റ് കീപ്പറുടെ കാര്യത്തിലാണ് ഇന്ത്യക്ക് ആശങ്കയുള്ളത്. കെ.എസ്.ഭരതോ, ഇഷാൻ കിഷനോ എന്നതിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

ഏത് ടീമും ഭയപ്പെടുത്തുന്ന താരങ്ങളുമായാണ് ഓസ്ട്രേലിയ എത്തിയിരിക്കുന്നത്. മാര്‍നസ് ലംബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാര്‍ണര്‍ തുടങ്ങിയവര്‍ ബാറ്റിംഗ് നിരയുടെയും മിച്ചൽ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിൻസ് , നാഥാൻ ലിയോണ്‍ എന്നിവര്‍ ബൗളിംഗ് നിരയുടെയും കരുത്ത്. ജോഷ് ഹേസൽവുഡ് പരിക്കേറ്റ് പുറത്തായത് മാത്രമാണ് ആകെയുള്ള തിരിച്ചടി. സമീപകാലത്ത് ഓസ്ട്രേലിയയെ അവരുടെ നാട്ടിലും ഇന്ത്യയിലും തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് രോഹിതും സംഘവും ഇറങ്ങുന്നത്. അതിനെല്ലാം കണക്ക് തീര്‍ക്കാൻ ഓസ്ട്രേലിയയും.

Top