ബി.സി.സി.ഐയുടെ ആസ്തി 14,489 കോടിയായി ഉയർന്നു

ന്യൂഡല്‍ഹി: 2018-19-ലെ കണക്ക് പ്രകാരം ബി.സി.സി.ഐയുടെ ആസ്തിയില്‍ വന്‍വര്‍ധന. 14,489 കോടിയായാണ് ആസ്തി ഉയര്‍ന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 2597 കോടി അധികമാണിത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 11,892 കോടിയായിരുന്നു ബി.സി.സി.ഐയുടെ ആസ്തിമൂല്യം. 2018-19 സാമ്പത്തികവര്‍ഷത്തില്‍ 4017 കോടി രൂപയാണ് വരുമാനം. ഇതില്‍ 2407 കോടിയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നുള്ള വരുമാനമാണ്.

ഇന്ത്യന്‍ ടീമിന്റെ മാധ്യമാവകാശം വഴി 828 കോടി ലഭിച്ചു. 1592 കോടിയാണ് ഇക്കാലയളവിലെ ചെലവ്. ബി.സി.സി.ഐയുടെ ബാങ്കിലെ നീക്കിയിരിപ്പ്, നിക്ഷേപങ്ങള്‍, സ്റ്റേഡിയങ്ങള്‍ അടക്കമുള്ള സ്ഥിരം ആസ്തികള്‍ എന്നിവ കണക്കിലെടുത്താണ് ആസ്തി മൂല്യം കണക്കാക്കുന്നത്. അതേസമയം, സാമ്പത്തിക വിഷയത്തില്‍ നിരവധി കേസുകളില്‍ ബി.സി.സി.ഐ കക്ഷിയാണ്. ആദായനികുതി വകുപ്പ്, ഐ.പി.എല്‍. ടീമുകളായിരുന്ന കൊച്ചിന്‍ ടസ്‌കേഴ്സ്, ഡെക്കാന്‍ ചാര്‍ജേഴ്സ്, സഹാറ ഗ്രൂപ്പ്, നിയോ സ്‌പോര്‍ട്സ്, വേള്‍ഡ് സ്‌പോര്‍ട്സ് ഗ്രൂപ്പ് എന്നിവയുമായി കോടതിയില്‍ കേസുണ്ട്.

Top