ഉലക നായകന് ജന്മദിനാശംസകള്‍ നേര്‍ന്ന് ചലച്ചിത്ര-സാംസ്‌കാരികലോകം

ലകനായകന് ഇന്ന് 69-ാം പിറന്നാള്‍. കമല്‍ ഹാസന് ജന്മദിനാശംസകള്‍ നേരുകയാണ് ചലച്ചിത്ര-സാംസ്‌കാരികലോകം. നടനെന്നതിനുപരി സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് കമല്‍ ഹാസനെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പിറന്നാളാശംസകള്‍ കമല്‍ സര്‍ എന്നാണ് മമ്മൂട്ടി ട്വീറ്റ് ചെയ്തത്.

തങ്ങളെല്ലാവരും ആരാധിച്ചുകൊണ്ട് വളര്‍ന്ന നടനും ഇതിഹാസവും മാതൃകയുമാണ് കമല്‍ഹാസനെന്ന് നടന്‍ പ്രഭാസ് ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തു. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള സൗഭാഗ്യമുണ്ടായെന്നും പ്രഭാസ് പോസ്റ്റ് ചെയ്തു.

കമല്‍ഹാസന് മുന്‍കൂറായി പിറന്നാളാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ലോകേഷ് കനകരാജും രംഗത്തെത്തി.

വിക്രം 2-ന്റെ ലോകത്തേക്ക് നിങ്ങളെ എല്ലാവരേയും കാത്തിരിക്കുന്നുവെന്നും ലോകേഷ് ട്വീറ്റ് ചെയ്തു. നിങ്ങള്‍ എത്രമാത്രം സ്‌നേഹിക്കപ്പെടുന്നുവെന്നും ആരാധിക്കപ്പെടുന്നുവെന്നും പ്രകടിപ്പിക്കാന്‍ വാക്കുകള്‍ക്ക് കഴിയുന്നില്ല എന്നാണ് നടി ഖുശ്ബു ട്വീറ്റ് ചെയ്തത്.

കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനും പിതാവിന് പിറന്നാളാശംസകളുമായെത്തി. ഏത് പെണ്‍കുട്ടിക്കും ആവശ്യപ്പെടാവുന്ന പിതാവും സുഹൃത്തുമാണ് നിങ്ങള്‍ എന്നാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ശ്രുതി പറയുന്നത്. നിങ്ങള്‍ എന്റെ ജീവിതം പ്രചോദനം കൊണ്ട് നിറയ്ക്കുന്നു. നിങ്ങള്‍ക്ക് എക്കാലത്തെയും മികച്ച ഒരു വര്‍ഷവും, നിരവധി നിരവധി വര്‍ഷങ്ങള്‍ നിങ്ങളുടെ അപൂര്‍വ, ഉജ്ജ്വലമായ മാജിക് ഞങ്ങളുമായി പങ്കിടണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു അച്ഛാ, നിങ്ങള്‍ ശരിക്കും എല്ലാ കാര്യങ്ങളുടെയും ഒ ജി റോക്ക് സ്റ്റാര്‍ ആണ്’. ശ്രുതി ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

പിറന്നാളാഘോഷത്തോടനുബന്ധിച്ച് ചെന്നൈയില്‍ ഒരു പാര്‍ട്ടി കമല്‍ഹാസന്‍ സംഘടിപ്പിച്ചിരുന്നു. സിനിമാ മേഖലയില്‍ നിന്നുള്ള നിരവധിപേര്‍ ആഘോഷത്തിനെത്തിയിരുന്നു. സൂര്യ, പാര്‍ത്ഥിപന്‍, ആമിര്‍ ഖാന്‍, ഛായാഗ്രാഹകന്‍ രവി.കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ അതിഥികളായെത്തിയവരില്‍ ചിലരാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ്, ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2, നാഗ് അശ്വിന്‍ ഒരുക്കുന്ന കല്‍ക്കി എന്നിവയാണ് കമല്‍ഹാസന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. കമല്‍ ഹാസന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഇന്നലെയാണ് മണിരത്‌നം കമല്‍ ഹാസന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന തഗ് ലൈഫിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

Top