ലോകം ഭീതിയില്‍, അവര്‍ അവിടെയും എത്തിയാല്‍? യുഎസിന്റെ വന്‍ ചതി

ക്തം തിരയടിച്ച പേള്‍ ഹാര്‍ബര്‍ പോലെ അമേരിക്കയെ ഞെട്ടിച്ച ആക്രമണമാണ് 20 വര്‍ഷം മുന്‍പ് നടന്ന ഭീകരാക്രമണം. പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനു പിന്നില്‍ ജപ്പാന്‍ എന്നൊരു രാജ്യമായിരുന്നെങ്കില്‍ 2001 സെപ്തംബര്‍ 11 ന് അമേരിക്കയുടെ കിഴക്കന്‍ തീരത്തിന്റെ പ്രഭാത ശാന്തതക്കുമേല്‍ അശാന്തി വിതച്ചത് കൊടും ഭീകരരാണ്. ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന രീതിയില്‍ അതിസാഹസികമായി നടത്തിയ ഈ ആക്രമണം ലോക മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. ജെറ്റുവിമാനങ്ങള്‍ ഹൈജാക്ക് ചെയ്ത അല്‍ ക്വയ്ദ ഭീകരര്‍ അവയെ അമേരിക്കയിലെ പലയിടത്തായി കെട്ടിടങ്ങളിലേക്ക് ഇടിച്ചു കയറ്റുകയാണുണ്ടായത്. രണ്ടു വിമാനങ്ങള്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിനെയും ഒരെണ്ണം പെന്റഗണ്‍ ബില്‍ഡിങ്ങിനെയും ലക്ഷ്യമിട്ടപ്പോള്‍ മറ്റൊരെണ്ണം പെന്‍സില്‍വാനിയയിലെ ഷാങ്ക്‌സ്വില്ലെയില്‍ തകര്‍ന്നു വീഴുകയാണുണ്ടായത്. ഈ ദുരന്തത്തില്‍ അമേരിക്ക പുറത്ത് വിട്ട കണക്കു പ്രകാരം 2,977 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഗുരുതര പരുക്കുകളോടെ ഇന്നും ജീവിക്കുന്നതാകട്ടെ ഇതിന്റെ എത്രയോ ഇരട്ടിപ്പേരാണ്.

ഭീകരത എത്രമാത്രം ലോകത്തിന് ഭീഷണിയാണെന്ന് തെളിയിക്കുന്ന ആക്രമണമാണ് 2001 ല്‍ അമേരിക്കയില്‍ നടന്നിരിക്കുന്നത്. ഈ ആക്രമണത്തിന്റെ സൂത്രധാരന്‍ ബിന്‍ലാദനെ അമേരിക്കന്‍ കമാന്‍ഡോകള്‍ വകവരുത്തിയത് പാക്കിസ്ഥാനില്‍ വച്ചാണ്. അതും പാക് സൈനിക കേന്ദ്രത്തിന്റെ മൂക്കിന് താഴെ വച്ച്. ബിന്‍ലാദന് അഭയം നല്‍കിയ ഇതേ പാക്കിസ്ഥാന്‍ തന്നെയാണ് അഫ്ഗാനിസ്ഥാനില്‍ അശാന്തിവിതക്കാന്‍ താലിബാനും അവസരം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ചൈന സ്വീകരിച്ച നിലപാടും ജനവിരുദ്ധമാണ്. പാക്കിസ്ഥാനും ചൈനക്കും അഫ്ഗാനിസ്ഥാനില്‍ താല്‍പ്പര്യങ്ങള്‍ പലതുമുണ്ട്. ഈ താല്‍പ്പര്യങ്ങള്‍ അറിഞ്ഞ് പ്രതിരോധം തീര്‍ക്കുന്നതില്‍ അമേരിക്കക്കാണ് വലിയ വീഴ്ച സംഭവിച്ചിരിക്കുന്നത്. അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന ഭീതിയാണിപ്പോള്‍ ലോക രാജ്യങ്ങളെയും വേട്ടയാടുന്നത്.

താലിബാന്‍ അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളില്‍ നിന്നായി തുറന്നു വിട്ടിരിക്കുന്നത് നിരവധി ഐ.എസ്, അല്‍ഖ്വയ്ദ തീവ്രവാദികളെയാണ്. ഈ കൊടും ഭീകരര്‍ അഫ്ഗാനില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടോ എന്നത് ഇന്ന് ലോക രാജ്യങ്ങളുടെ ആശങ്കയാണ്. ഒരു ഭീകര പ്രസ്ഥാനത്തിന് അഫ്ഗാന്റെ ഭരണം പിടിക്കാന്‍ വഴി ഒരുക്കിയ അമേരിക്ക ജയില്‍ ചാടിയ കൊടും ഭീകരര്‍ക്ക് ആക്രമണം നടത്താനുള്ള അവസരം കൂടിയാണ് ഇതുവഴി സൃഷ്ടിച്ചിരിക്കുന്നത്. ഗുരുതര വീഴ്ചയാണിത്. ചരിത്രത്തിലെ ഏറ്റവും മണ്ടനായ പ്രസിഡന്റ് എന്നാണ് കാലം ജോ ബൈഡനെയും ഇനി വിലയിരുത്താന്‍ പോകുന്നത്. അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ച ആയുധങ്ങളും സൈനിക വാഹനങ്ങളും മാത്രമല്ല അമേരിക്കന്‍ സൈനികരുടെ യൂണിഫോമുകള്‍ പോലും ഉപയോഗിച്ചാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വിലസുന്നത്.

‘പഴയ താലിബാനല്ല പുതിയ താലിബാന്‍’ എന്ന് വാദിക്കുന്നവരെ പോലും അമ്പരിപ്പിക്കുന്ന ക്രൂരതകളാണ് ഇതിനകം തന്നെ അഫ്ഗാനിസ്ഥാനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍മാറുന്നതിനു മുന്‍പ് സ്വീകരിക്കേണ്ട പ്രാഥമിക ജാഗ്രത പോലും അമേരിക്ക കാണിച്ചിട്ടില്ല എന്നത് ജോബൈഡന്റെ കഴിവു കേടാണ് തുറന്നു കാട്ടുന്നത്. അഫ്ഗാനിസ്താനിലെ അഷ്‌റഫ് ഗനി സര്‍ക്കാറിനെ പൂര്‍ണമായും തഴഞ്ഞും താലിബാനെ അംഗീകരിച്ചുമാണ് അമേരിക്ക മുന്നോട്ട് പോയിരിക്കുന്നത്. ഇത് തെളിയിക്കുന്ന രേഖകളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. 2020 ഫെബ്രുവരി 29ന് അമേരിക്കയും താലിബാനും തമ്മില്‍ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ വെച്ച് ഒപ്പുവെച്ച സമാധാന കരാറില്‍ അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനില്‍ നിന്ന് ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്നും തടവുകാരെ മോചിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനും അതായത് താലിബാനും യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.

പുതുതായി നിലവില്‍ വരാന്‍ പോകുന്ന അഫ്ഗാന്‍ ഇസ്ലാമിക് ഗവണ്‍മെന്റുമായി ചേര്‍ന്നുകൊണ്ട് അഫ്ഗാന്‍ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിക്ക് അമേരിക്ക സാമ്പത്തിക സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടില്ലെന്നും ഈ കരാറില്‍ വ്യക്തമായി തന്നെ പറയുന്നുണ്ട്. താലിബാന്‍ ഇപ്പോള്‍ നടത്തിയ കടന്നാക്രമണം എല്ലാം അമേരിക്ക അറിഞ്ഞു കൊണ്ടുള്ള തിരക്കഥ പ്രകാരമാണെന്ന് തെളിയിക്കുന്ന രേഖയാണിത്. ബൈഡനായാലും ട്രംപായാലും ഇവരുടെ എല്ലാം അടിസ്ഥാന സ്വഭാവം വഞ്ചന തന്നെയാണ്. അഫ്ഗാന്‍ ഭീകരരുടെ ഭരണത്തിലേക്ക് പോകുമ്പോള്‍ അത് ലോകത്തിന് ഉയര്‍ത്തുന്ന ഭീഷണിയാണ് അമേരിക്കന്‍ ഭരണകൂടങ്ങള്‍ കണ്ടില്ലന്ന് നടിച്ചിരിക്കുന്നത്. താലിബാനു പകരം ഒരു ജനാധിപത്യ സര്‍ക്കാറിനെ സൃഷ്ടിച്ചു വേണമായിരുന്നു അമേരിക്ക പിന്‍മാറേണ്ടിയിരുന്നത്. സ്വന്തം നിലയ്ക്ക് അതിന് സാധിക്കില്ലങ്കില്‍ മറ്റു ലോക രാജ്യങ്ങളുടെ സഹായങ്ങള്‍ തേടണമായിരുന്നു. താലിബാനെ സഹായിക്കുന്ന പാക്കിസ്ഥാനെതിരെ കടുപ്പിച്ച് ഒരു വാക്ക് പോലും പറയാന്‍ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. ഇതും ദുരൂഹമാണ്. എന്തു കൊണ്ടാണ് ഇത്രയും നിസാരമായി അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റത്തെ അമേരിക്ക കണ്ടെതെന്നുള്ള ചോദ്യത്തിന് മുന്നില്‍ നയതന്ത്ര വിദഗ്ദരും അമ്പരന്നിരിക്കുകയാണ്. ഇപ്പോള്‍ പറഞ്ഞ തിയ്യതിക്കപ്പുറം ഒരു ദിവസം പോലും വിദേശ സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകരുതെന്ന മുന്നറിയിപ്പാണ് താലിബാന്‍ നല്‍കിയിരിക്കുന്നത്.

ഓഗസ്റ്റ് 31 വരെയാണ് സമയ പരിധി. ഈ സാഹചര്യത്തില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും അടക്കം അവശേഷിക്കുന്ന സൈനികര്‍ക്കും ദൗത്യം പൂര്‍ത്തിയാക്കാതെ മടങ്ങേണ്ടി വരും കാബൂള്‍ വിമാനതാവളത്തിന് പുറത്ത് രക്ഷ തേടി തമ്പടിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആയിരങ്ങളുടെ സ്വപ്‌നമാണ് അതോടെ അസ്തമിക്കുക. കഴിഞ്ഞ 20 വര്‍ഷത്തോളം അമേരിക്കന്‍ സൈന്യത്തെ സഹായിച്ച അഫ്ഗാന്‍ പൗരന്‍മാരും ഇക്കൂട്ടത്തിലുണ്ട്. താലിബാന്റെ കയ്യില്‍ പെട്ടാല്‍ ഇവരും പിന്നെ പുറം ലോകം കാണുകയില്ല. അമേരിക്കയുടെ തല തിരിഞ്ഞ പിന്‍വാങ്ങല്‍ നയം മൂലമാണ് ഈ പ്രതിസന്ധിയെല്ലാം ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് വിദേശ പൗരന്‍മാരുടെയും സൈനികരുടെയും അടക്കം ജീവന്‍ കൊണ്ടാണ് ജോബൈഡന്‍ ഇപ്പോള്‍ ‘കളിച്ചിരിക്കുന്നത് ‘. ഇനി താലിബാന്റെ കാല് പിടിച്ച് കുറച്ച് സാവകാശം തേടിയാല്‍ പോലും അവിടെയും നാറുക ബൈഡനും അമേരിക്കയും ആയിരിക്കും. ലോകത്തിന് മുന്നില്‍ വിശ്വസിക്കാന്‍ പറ്റാത്ത രാജ്യമായി അമേരിക്കയെ മാറ്റിയെടുത്ത പ്രസിഡന്റ് എന്ന രീതിയിലാണ് ഇനിമുതല്‍ ജോബൈഡന്‍ വിലയിരുത്തപ്പെടാന്‍ പോകുന്നത്.

സ്ത്രീകളുടെ കുട്ടികളുടെ അതുപോലെ അനവധി പേരുടെ വിലാപങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. മരണത്തിന് മുന്നിലേക്ക് ഇവരെയെല്ലാം എറിഞ്ഞ് കൊടുത്തു കൂടിയാണ് അമേരിക്ക-അഫ്ഗാന്‍ ദൗത്യം പൂര്‍ത്തിയാക്കി ഇപ്പോള്‍ മടങ്ങുന്നത്. ഭീകരതക്ക് വളമിടുന്ന ഒന്നാന്തരം ഏര്‍പ്പാടാണിത്. ഇതിന്റെ എല്ലാം പ്രത്യാഘാതം ഇനി അനുഭവിക്കേണ്ടി വരിക ലോക രാജ്യങ്ങള്‍ക്കാണ്. പാക്കിസ്ഥാനിലെ ആണവ ആയുധങ്ങള്‍ പോലും ഭീകരര്‍ കൈവശപ്പെടുത്തുമോ എന്ന ആശങ്കയും നിലവില്‍ വ്യാപകമാണ്. പാക്ക് ചാരസംഘടനയായ ഐ.എസ്.ഐയും പട്ടാളവുമാണ് ഇപ്പോഴും പാക്ക് ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. താലിബാന് സകല സഹായങ്ങളും ചെയ്തു കൊടുക്കുന്നതും ഇക്കൂട്ടര്‍ തന്നെയാണ്. കശ്മീരിലേക്ക് നീളുന്ന പാക്ക് താല്‍പ്പര്യം താലിബാന്‍ ഭീകരരുടെ രൂപത്തില്‍ കെട്ടിയിറക്കാനും പാക്കിസ്ഥാന്‍ ഇനി ശ്രമിക്കും. അതാകട്ടെ ഇന്ത്യക്ക് ഒരിക്കലും കയ്യും കെട്ടി നോക്കി നില്‍ക്കാനും കഴിയുകയില്ല.

‘ക്ഷമ പരീക്ഷിക്കരുത് അഫ്ഗാനില്‍ സംഭവിക്കുന്നത് കണ്ടില്ലേ ‘എന്ന, മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ചോദ്യവും ഏറെ അപകടകരമാണ്. താലിബാനെ ഹീറോ ആയി കാണുന്നവരെ ചുമക്കേണ്ട ബാധ്യത ഈ രാജ്യത്തിനില്ല എന്നത് മെഹബൂബ ഓര്‍ക്കുന്നത് നല്ലതാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവരെ നേരിടേണ്ട തരത്തില്‍ തന്നെ നേരിടുകയാണ് വേണ്ടത്. അഫ്ഗാനില്‍ താലിബാന്‍ ഭീകരരില്‍ നിന്നും സ്ത്രീകള്‍ അനുഭവിക്കുന്ന കൊടിയ പീഢനമെങ്കിലും വിവാദ പ്രസ്താവന പുറപ്പെടുവിക്കുന്നതിനു മുന്‍പ് ഒരു സ്ത്രീ കൂടിയായ മെഹബൂബ മുഫ്തി മനസ്സിലാക്കണമായിരുന്നു. കശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലില്‍ പരാതിയുണ്ടെങ്കില്‍ അതാണ് മെഹബൂബ ചൂണ്ടിക്കാട്ടേണ്ടത് അതല്ലാതെ താലിബാനെ മാതൃകയാക്കാന്‍ ശ്രമിച്ചാല്‍ വിവരമറിയുക തന്നെ ചെയ്യും. ജനാധിപത്യ രാജ്യമാണെന്ന് കരുതി ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന അഹന്ത നല്ലതിനല്ല. അത്തരം പ്രതികരണങ്ങളെ രാജ്യദ്രോഹമായി മാത്രമേ വിലയിരുത്താനും കഴിയുകയൊള്ളൂ.

”വന്‍ശക്തിയായ അമേരിക്കയ്ക്ക് അവരുടെ ബാഗും പാക്ക് ചെയ്ത് രക്ഷപെടേണ്ടി വരുന്നത് ആ രാജ്യത്തിന്റെ കഴിവു കേടുകൊണ്ടു മാത്രമാണ്. അതൊരു മാര്‍ഗ്ഗമായി കണ്ട് മെഹബൂബമാര്‍ എടുത്ത് ചാടിയാല്‍ തീയില്‍ വീണ ഈയാം പാറ്റകളുടെ അവസ്ഥയാണുണ്ടാകുക. ഇന്ത്യ ആര് ഭരിക്കുന്നു എന്നതിലല്ല മഹത്തായ പാരമ്പര്യമുള്ള ഈ രാജ്യം ആ പാരമ്പര്യം നിലനിര്‍ത്തി നിലനില്‍ക്കുക എന്നതിലാണ് കാര്യം. അതിനു വേണ്ടിയാണ് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ശ്രമിക്കേണ്ടത്. അതല്ലാതെ വിദ്വേഷത്തിന്റെ വിഷവിത്തുക്കള്‍ പാകാന്‍ ശ്രമിച്ചാല്‍ അത് പിറന്ന മണ്ണിനോട് ചെയ്യുന്ന വലിയ പാപമായാണ് മാറുക. സോഷ്യല്‍ മീഡിയകളില്‍ താലിബാന് അനുകൂലമായി കമന്റിടുന്നവരും ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. ചുവരുണ്ടെങ്കിലേ നിങ്ങള്‍ക്കും ചിത്രം വരയ്ക്കുവാന്‍ സാധിക്കുകയൊള്ളൂ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ ഇന്നും ഉയര്‍ന്നു നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു പിന്നിലുള്ള വികാരവും അതിശക്തമാണ്. ജാതിക്കും മതത്തിനും വര്‍ണ്ണത്തിനും മീതെയാണ് ആ വികാരമുള്ളത്. ഇതിനെ എല്ലാം മറികടന്ന് ഈ മണ്ണില്‍ അശാന്തി വിതക്കാന്‍ ഒരു ശക്തിക്കും സാധിക്കുകയില്ല. അക്കാര്യവും ഓര്‍ക്കുന്നത് നല്ലതായിരിക്കും.

Top