ലോകപ്രശസ്തയായ ‘ഗ്രംപി’ പൂച്ചയുടെ ആ വിഷാദ ഭാവം ഇനിയില്ല

ലൊസാഞ്ചലസ്:ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്ന ലോകപ്രശസ്തയായ ‘ഗ്രംപി’ പൂച്ച ഇനിയില്ല. ഒറ്റച്ചിത്രം കൊണ്ട് ഭക്ഷണശാലയില്‍ വെയിട്രസ് ആയിരുന്ന തബത ബുന്ദിസെന്‍ എന്ന യുവതിയെ കോടീശ്വരിയാക്കിയ മാജിക്കായിരുന്നു ഗ്രംപി പൂച്ചയുടെ ജീവിതം. ഫെയ്‌സ്ബുക്കില്‍ 85 ലക്ഷം ആരാധകരും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമായി ദശലക്ഷക്കണക്കിനാളുകളാണ്‌ ഗ്രംപിയെ ഫോളോ ചെയ്തിരുന്നത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ തന്റെ ഏഴാമത്തെ വയസിലാണ് ഗ്രംപി മരണത്തിന് കീഴടങ്ങിയത്.

2012ല്‍ ഒരു വെബ്‌സൈറ്റില്‍ വന്ന ചിത്രമാണ് ടര്‍ഡാര്‍ സോസ പൂച്ചയെ ‘ഗ്രംപി’ എന്ന പേരില്‍ ലോകപ്രശസ്തയാക്കിയത്. ഈ ചിത്രം വൈറലായതോടെ ‘ഗ്രംപി’യ്ക്ക് ഓഫറുകളുടെ പെരുമഴയായിരുന്നു. ടിവിയിലും സിനിമയിലും അഭിനയിച്ച് തന്റെ ഉടമയായ തബതയെ ഗ്രംപി കോടീശ്വരിയാക്കി. തബത ഹോട്ടലിലെ വെയിറ്റര്‍ പണി രാജി വെച്ചു.

ഗ്രംപിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരായ പകര്‍പ്പവകാശക്കേസില്‍ മാത്രം 5 കോടി രൂപയാണ് തബതയ്ക്കു ലഭിച്ചത്. ‘ഗ്രംപൂച്ചിനോ’ എന്ന പേരില്‍ കോഫി ബ്രാന്‍ഡ്, സാന്‍ഫ്രാന്‍സിസ്‌കോയില്‍ മെഴുകുപ്രതിമ… അങ്ങനെ ഗ്രംപി’ എന്ന പൂച്ച ലോക പ്രശസ്തയായി. ഗ്രംപിയെ പ്രശ്തയാക്കിയത് ആ വിഷാദ ഭാവമായിരുന്നു. താഴത്തെ നിര പല്ല്, മുകള്‍നിരയേക്കാള്‍ ഉന്തിനിന്നതാണ് ഗ്രംപി പൂച്ചയ്ക്ക് പ്രത്യേക വിഷാദഭാവം നല്‍കിയിരുന്നത്.

Top