ലോകകപ്പിന് നാളെ അഹമ്മദാബാദില്‍ തുടക്കം

നായകനില്‍നിന്ന് നാണയം ടോസായി ഉയരുമ്പോള്‍ ആ ലോകം ഉണരും. സ്റ്റേഡിയങ്ങള്‍ അടയ്ക്കുമ്പോള്‍ അവര്‍ ഉറങ്ങും. അങ്ങനെ 46 ദിനരാത്രങ്ങള്‍. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന്റെ ഉദ്ഘാടനമത്സരത്തിനായി ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേരയിലെ നരേന്ദ്രമോദി സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. വ്യാഴാഴ്ച രണ്ടുമണിക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണേഴ്സ് അപ്പായ ന്യൂസീലന്‍ഡും കൊമ്പുകോര്‍ക്കും.

ലോകകപ്പുകളുടെ ഉദ്ഘാടനം വലിയ ആഘോഷമായാണ് സാധരണ നടക്കാറ്. ഇക്കുറി ഉദ്ഘാടന ആഘോഷം ആശയക്കുഴപ്പത്തിലാണ്. ക്യാപ്റ്റന്‍സ് ഡേയ്ക്ക് പിന്നാലെ ബുധനാഴ്ച രാത്രി ഏഴിന് ബോളിവുഡ് താരങ്ങളും ഗായകരും അണിനിരക്കുന്ന ആഘോഷമുണ്ടാകുമെന്ന് പ്രചരിച്ചിരുന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡോ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലോ . ഇത് സ്ഥിരീകരിക്കുന്നില്ല. ഉദ്ഘാടന ആഘോഷം ഉപേക്ഷിച്ചാല്‍ അതും ചരിത്രമാകും.

ലോകത്തെ ഏറ്റവും മികച്ച 10 ടീമുകള്‍ 10 വേദികളിലായി ഏറ്റുമുട്ടുന്ന 48 മത്സരങ്ങള്‍. നവംബര്‍ 19-ന് മൊട്ടേരയിലെ ഇതേ സ്റ്റേഡിയത്തില്‍ ലോകകപ്പ് ആര്‍ക്കെന്ന് തീരുമാനിക്കപ്പെടും. ക്രിക്കറ്റിന്റെ മെഗാ കാര്‍ണിവലിന് മണിമുഴക്കാന്‍ ബുധനാഴ്ച 10 ടീമുകളുടെയും നായകന്മാര്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ക്ലബ്ബ് ഹൗസില്‍ സംഗമിക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷം നടക്കുന്ന ‘ക്യാപ്റ്റന്‍സ് ഡേ’യില്‍ മനസ്സുതുറക്കും.

 

Top