ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്നുമുതല്‍ തുടക്കമാകും

ഒറിഗോണ്‍: ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ന് അമേരിക്കയിൽ തുടക്കമാവും. ഒറിഗോണിലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യൻ സമയം രാത്രി ഒൻപതരയ്ക്ക് മത്സരങ്ങൾ തുടങ്ങും. യൂണിവേഴ്സിറ്റി ഓഫ് ഓറിഗണിന്റെ ഹേവാർഡ്‌ സ്റ്റേഡിയമാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് വേദിയാകുക.

20 കിലോമീറ്റർ നടത്തിൽ സന്ദീപ് കുമാറിനും പ്രിയങ്ക ഗോസ്വാമിക്കും ഇന്ന് മത്സരമുണ്ട്. 100 മീറ്ററിന്‍റെ ഹീറ്റ്സ്, ലോംഗ്‌ജംപ് യോഗ്യതാ മത്സരം, 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിന്‍റെ ഹീറ്റ്സ് മത്സരങ്ങളും ഇന്ന് നടക്കും. മലയാളി താരങ്ങളായ എം. ശ്രീശങ്കർ, മുഹമ്മദ് അനീസ്, തമിഴ്നാട്ടുകാരൻ ജസ്വിൻ ആൾഡ്രിൻ എന്നിവരാണ് ലോംഗ്‌ജംപിൽ ഇന്ത്യക്കായി മത്സരിക്കുന്നത്. ഇന്ത്യൻസമയം നാളെ രാവിലെ ആറരയ്ക്കാണ് ലോംഗ്‌ജംപ് യോഗ്യതാ മത്സരം.

പുരുഷ വിഭാഗം ഹാമർ ത്രോയിലൂടെയാണ് മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നത്. ജൂലൈ 15 മുതൽ 24 വരെയാണ് മത്സരങ്ങൾ. ഇരുന്നൂറ് രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തോളം കായിക പ്രതിഭകൾ മത്സരിക്കും. ഇന്ത്യന്‍ പ്രതീക്ഷകളത്രയും ചുമലിലേറിയാണ് ഒളിംപിക്‌സ് ജാവലിന്‍ സ്വര്‍ണ ജേതാവ് നീരജ് ചോപ്ര ഇറങ്ങുക.

2019ൽ ദോഹയിൽ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പതിനാല് സ്വർണമുൾപ്പെടെ 29 മെഡലുകൾ സ്വന്തമാക്കിയ അമേരിക്ക യൂജീനിലും ആധിപത്യം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീർഘദൂര ഇനങ്ങളിൽ കെനിയയാണ് അമേരിക്കയ്ക്ക് വെല്ലുവിളി.

Top