കർണാടകയിൽ ബിജെപി പട്ടികക്ക് പിന്നാലെ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ച് അണികൾ

ബെംഗളൂരു: ബിജെപി സ്ഥാനാർത്ഥി പട്ടികക്ക് പിന്നാലെ കർണാടകയിൽ പ്രതിഷേധം. രാംദുർഗ്, ജയനഗർ, ബെൽഗാം നോർത്ത് എന്നിവിടങ്ങളിൽ നേതാക്കളുടെ അണികൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്. അതേസമയം, ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഇന്ന് ജെ പി നദ്ദയെ കാണും. സീറ്റ് നഷ്ടമായ മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി പാർട്ടി വിട്ടേക്കുമെന്നാണ് സൂചന ലഭിക്കുന്നത്. ഇന്ന് അത്താനിയിൽ സാവഡി അനുയായികളുടെ യോഗം വിളിച്ചു ചേർക്കുന്നുണ്ട്. അനുയായികൾ പറയുന്നതനുസരിച്ച് മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് സാവഡി പറയുന്നത്. അതിനിടെ, ഡി കെ ശിവകുമാറുമായി സാവഡി സംസാരിക്കുമെന്നും സൂചനയുണ്ട്.

കൂറ് മാറിയെത്തിയ മഹേഷ് കുമത്തള്ളിക്കാണ് അത്താനി സീറ്റ് ബിജെപി നൽകിയത്. 2004 മുതൽ 2013 വരെ സാവഡി മത്സരിച്ച് ജയിച്ച മണ്ഡലമാണ് അത്താനി. 2018-ൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കുമത്തള്ളി ഇവിടെ നിന്ന് സാവഡിയെ തോൽപ്പിച്ചു. പിന്നീട് കുമത്തള്ളി 2019-ൽ കൂറ് മാറി ബിജെപിയിലെത്തി. എതിർചേരിയിലായിരുന്ന കുമത്തള്ളിക്ക് വീണ്ടും സീറ്റ് നൽകിയതിന്റെ പേരിൽ കടുത്ത അമർഷത്തിലായിരുന്നു സാവഡി. എന്നാൽ രമേശ് ജർക്കിഹോളി കുമത്തള്ളിക്ക് സീറ്റ് നൽകിയേ തീരൂ എന്ന് വാശി പിടിച്ചു ബിജെപി കേന്ദ്രനേതൃത്വം കൂറ് മാറിയെത്തിയവരുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.

Top