വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനം മാതൃകാപരം: ഗവര്‍ണര്‍

തിരുവനന്തപുരം: ലോക മലയാളികളുടെ ഉന്നമനത്തിനായി ആഗോള തലത്തില്‍ പ്രവര്‍ത്തിച്ച് കീര്‍ത്തി കേട്ട വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനം മാതൃകാ പരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. മലയാളികളുടെ ഒത്തൊരുമയും പ്രവര്‍ത്തനങ്ങളും ലോകത്തിന് തന്നെ മാതൃകയാണ്. അത് ഈ കൊവിഡ് കാലഘട്ടത്തിലും പ്രളയകാലത്തും കണ്ടതാണെന്നും അത് ഇനിയും തുടരണമെന്നും ഗവര്‍ണര്‍ പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകൃതമായതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ സ്വാതന്ത്ര ദിന യൂണിറ്റി സെലിബ്രേഷന്‍ സാംസ്‌കാരിക വെബിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാംസ്‌കാരിക തനിമയെ ഉയര്‍ത്തിപ്പിടിച്ച് രണ്ടു പതിറ്റാണ്ടായി ആഗോള മലയാളികള്‍ക്കായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ വലിയ ആദരവ് അര്‍ഹിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

ലോക മലയാളികളുടെ ഉന്നമനത്തിനായി ആഗോള തലത്തില്‍ പ്രവര്‍ത്തിച്ച് കീര്‍ത്തി കേട്ട വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനം ശ്ലാഖനീയം ആണെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പാര്‍പ്പിട രഹിതര്‍ക്ക് പാര്‍പ്പിടം വെച്ച് നല്‍കാനടക്കം വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതൃത്വം നല്‍കുന്ന പദ്ധതികളെയും മന്ത്രി അഭിനന്ദിച്ചു.

ലോകമെമ്പാടും ആശങ്കയോടെ കടന്ന് പോകുന്ന ഈ കാലഘട്ടത്തില്‍ ഒത്തൊരുമയ്ക്ക് വേണ്ടി നില്‍ക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. മലയാളികളുടെ ഒരുമയും പ്രവര്‍ത്തനങ്ങളും പല പ്രതിസന്ധികളേയും തരണം ചെയ്യാന്‍ സഹായിച്ചതായും വെബിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വിവിധ പ്രൊവിന്‍സുകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഡബ്ല്യുയു. എം. സി. ഇന്റിപെന്റഡന്‍സ് ഡേ യൂണിറ്റി സെലിബ്രേഷന്‍ കൂടുതല്‍ സമ്പന്നമാക്കി.

ഗ്ലോബല്‍ യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചടങ്ങില്‍ ഗ്ലോബല്‍ യൂത്ത് ഫെസ്റ്റിവെലിന്റെ ലോഗോ പ്രകാശനവും വെബ് സൈറ്റ് ഉത്ഘാടനവും ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ.വി. അനൂപ് നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ റിട്ട. ജസ്റ്റിസ്റ്റ് കുര്യന്‍ ജോസഫ്, മുന്‍ കേന്ദ്ര ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മെമ്പര്‍ വിനോദ് ചന്ദ്ര മേനോന്‍ എന്നിവര്‍ വിശിഷ്ട അതിഥികള്‍ ആയിരുന്നു.

ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പി യു മത്തായി, ഡബ്ല്യുയു. എം. സി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക്ക് ജോണ്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. അനൂപ്, വനിതാ ഫോറം ചെയര്‍ പേഴസണ്‍ തങ്കമണി ദിവാകരന്‍, ഡോ. സുനന്ദകുമാരി, ജോസഫ് കിള്ളിയാന്‍, ജോണ്‍ കുരുവിള, അലക്‌സ് കോശി, അനോജ് കുമാര്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ യൂണിറ്റി പ്രോഗ്രാം കണ്‍വീനര്‍മാരയ ബേബി മാത്യു സോമതീരം, ഷാജി മാത്യു, ടി. പി വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Top