ഒരു രൂപ നാണയത്തുട്ട് ശേഖരിച്ച് നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണം , അറിയണം അജിത് സര്‍ക്കാറിന്റെ പ്രവർത്തനവും

രാജ്യം വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുകയാണ്. 2024 എന്നത് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ്. ഇവിടെ അടി പതറിയാല്‍ പിന്നെ ഒരു തിരിച്ചു വരവ് തന്നെ പ്രയാസകരമായിരിക്കും. അതാണ് നിലവിലെ രാജ്യത്തിന്റെ അവസ്ഥ. പ്രതിപക്ഷ പാര്‍ട്ടികളുടെ അക്കൗണ്ട് വരെ മരവിപ്പിക്കുന്ന അവസ്ഥയിലേക്ക് കേന്ദ്ര ഭരണകൂടം എത്തിയതും രാജ്യത്തെ സംബന്ധിച്ച് പുതിയ കാഴ്ചയാണ്. ഏതൊക്കെ വിധത്തില്‍ പ്രതിപക്ഷത്തെ ശ്വാസം മുട്ടിക്കാന്‍ കഴിയുമോ , അതൊക്കെ , ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുകയാണ്. അവരെ സംബന്ധിച്ച്, കേവലം ഒരു വിജയം മാത്രമല്ല 400 സീറ്റുകള്‍ നേടുന്ന ഒരു മഹാവിജയമാണ് ആഗ്രഹിക്കുന്നത്. ഈ ഒരൊറ്റ അജണ്ട മുന്‍ നിര്‍ത്തിയാണ് പ്രവര്‍ത്തനം. ഇതിനായി, പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികളെയും ബി.ജെ.പി പിളര്‍ത്തി കഴിഞ്ഞു. പണവും ,പദവികളും ഇത്രമാത്രം വാഗ്ദാനം ചെയ്യപ്പെടുന്ന മറ്റൊരു തിരഞ്ഞെടുപ്പും രാജ്യത്ത് ഒരുപക്ഷേ നടന്നിട്ടുണ്ടാകില്ല. അതിനുള്ള സാധ്യതയും കുറവാണ്.

ഒരു ലോകസഭ മണ്ഡലത്തില്‍ ചിലവഴിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്കുമേല്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്നത് 90 ലക്ഷം രൂപയാണ്. അതായത്, 90 ലക്ഷം രൂപയില്‍ ഒതുങ്ങണം പ്രചരണമെന്നതാണ് തീരുമാനം. അതേസമയം, സോഷ്യല്‍ മീഡിയകള്‍ക്കായി പ്രത്യേക തുക നിശ്ചയിച്ച് നല്‍കിയിട്ടുമില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിക്കുന്നതിലും എത്രയോ ഇരട്ടി തുക കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ ചിലവിട്ടതായാണ് കണക്കുകള്‍. ചില സംസ്ഥാനങ്ങളില്‍ വോട്ടിന് കോഴ എന്ന രീതിയും പ്രസിദ്ധമാണ്. ചുരുക്കി പറഞ്ഞാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും ഓരോ മണ്ഡലത്തില്‍ കോടികള്‍ ചിലവഴിക്കപ്പെടുന്ന പുതിയ കാലത്ത് ലോകസഭ തിരഞ്ഞെടുപ്പില്‍ എത്ര കോടി ചിലവഴിക്കപ്പെടുമെന്നത് സാമാന്യ ബുദ്ധിയില്‍ ആലോചിച്ചാല്‍ തന്നെ ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന കാര്യമാണ്.

ഇവിടെയാണ് നാം, അജിത് സര്‍ക്കാര്‍ എന്ന കമ്യൂണിസ്റ്റിനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയെയും ഓര്‍ത്തു പോകുന്നത്.അക്രമികളുടെ വെടിയേറ്റ് ജീവന്‍ വെടിയും വരെ എങ്ങനെയാകണം ഒരു രാഷ്ട്രീയ നേതാവെന്ന പാഠമാണ്, അദ്ദേഹം തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്കും രാജ്യത്തിനും പകര്‍ന്നു നല്‍കിയിരുന്നത്. 1980 മുതല്‍ തുടര്‍ച്ചയായി 4 തവണയാണ് ബീഹാറിലെ പുര്‍ണിയ മണ്ഡലത്തില്‍ നിന്നും സി.പി.എം പ്രതിനിധിയായി അജിത് സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഓരോ തിരിഞ്ഞെടുപ്പ് വരുമ്പോഴും ഗ്രാമങ്ങളില്‍ മണ്‍കുടങ്ങള്‍ പ്രതിഷ്ഠിച്ച് ഒരുരൂപയുടെ നാണയം സംഭാവനയായി സ്വീകരിച്ചാണ് അദ്ദേഹവും പാര്‍ട്ടിയും പ്രചരണത്തിനുള്ള പണം സ്വരൂപിച്ചിരുന്നത്. അന്നും ഇന്നും… രാജ്യത്തെ മറ്റൊരു മണ്ഡലങ്ങളിലും ഇതുപോലെ ഒരു ഫണ്ട് ശേഖരണം നടന്നിട്ടില്ല.

കോര്‍പ്പറേറ്റുകള്‍ മുതല്‍… താഴെ തട്ടുവരെ, കോടികള്‍ വ്യാപക പണപ്പിരിവ് നടത്തിയാണ് ഇപ്പോഴും തിരഞ്ഞെടുപ്പിനുള്ള പണം ബഹുഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും കണ്ടെത്തുന്നത്. എന്‍.ആര്‍.ഐ ഫണ്ടില്‍ നിന്നും സ്ഥാനാര്‍ത്ഥികള്‍ക്കായി ഒഴികിയെത്തുന്നതും കോടികളാണ്. ഈ പുതിയ കാലത്ത് പഴയ ഒരു രൂപ നാണയ ശേഖരത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല.ഒരു വ്യവസായിയുടെ മുന്നിലും അജിത് സര്‍ക്കാര്‍ എന്ന കമ്യൂണിസ്റ്റ് നേതാവ് കൈ നീട്ടിയിട്ടില്ല. ഒരു മോഹന വാഗ്ദാനവും മരണംവരെ അദ്ദേഹം നല്‍കിയിട്ടുമില്ല. പണം നല്‍കിയില്ലെങ്കില്‍ കടകള്‍ അടപ്പിക്കുമെന്നും ബിസിനസ്സ് തകര്‍ക്കുമെന്ന് പറഞ്ഞ് ആരെയും… അജിത്ത് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയിട്ടുമില്ല.

ഇതെല്ലാം സ്ഥിരമായി നടക്കുന്ന… ഗുണ്ടായിസം കൊടികുത്തി വാഴുന്ന മണ്ഡലത്തിലാണ് ഈ കമ്യൂണിസ്റ്റ് പലവട്ടം വിജയം കൊയ്തിരുന്നത് എന്നതും നാം ഓര്‍ക്കണം. ജനങ്ങള്‍ക്കൊപ്പം… അവരിലൊരാളായി എപ്പോഴും നിന്ന്… നീതിക്കായി നടത്തിയ പോരാട്ടമാണ് അജിത് സര്‍ക്കാറിന്റെ വിജയത്തിന് പ്രധാനമായും കാരണമായിരുന്നത്. അജിത് സര്‍ക്കാരിനെ രാഷ്ട്രീയ എതിരാളികള്‍ വെടിവച്ചുകൊന്നത് 1998 ജൂണ്‍ 14നായിരുന്നു. ജനകീയനായ എം എല്‍ എ എന്ന നിലയില്‍ ജനഹൃദയങ്ങളില്‍ ഇടം നേടിയ അജിത് സര്‍ക്കാര്‍ 1995ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയിരുന്നത് ക്രിമിനല്‍ പശ്ചാത്തലമുള്ള പപ്പു യാദവിനെയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ അക്രമികള്‍ സുഭാഷ് നഗറില്‍ വച്ച് കാര്‍ തടഞ്ഞ് വെടിവെച്ചു കൊന്നിരുന്നത്. ഒന്നും രണ്ടും പത്തുമല്ല , 107 വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയിരുന്നത്. ഇതില്‍ നിന്നു തന്നെ, എതിരികളുടെ ശത്രുതയുടെ ആഴം എത്ര വലുതാണെന്നതും വ്യക്തമാണ്.

എസ്എഫ്ഐയിലൂടെയായിരുന്നു അജിത് സര്‍ക്കാര്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചിരുന്നത്. ഭൂരഹിതരായ ജനങ്ങള്‍ക്കു വേണ്ടി അദ്ദേഹം ശക്തമായ ഇടപെടലുകളാണ് നടത്തി വന്നിരുന്നത്. ജന്മിമാര്‍ കൈവശം വെച്ച മിച്ചഭൂമിയില്‍ കയറി ജനങ്ങളെ അണിനിരത്തി അവകാശം സ്ഥാപിച്ചത് ഇതില്‍ എടുത്ത് പറയേണ്ട സമരമാണ്. ഇത് ജന്മികളില്‍ പലരുടെയും കടുത്ത ശത്രുതയ്ക്കും കാരണമായിട്ടുണ്ട്.പാവപ്പെട്ടവര്‍ക്ക് വേണ്ടി നിരവധി വീടുകള്‍ നിര്‍മ്മിച്ചു കൊടുത്ത അജിത് സര്‍ക്കാരിന്, പക്ഷേ… സ്വന്തമായി ഒരു വീടുപോലും ഇല്ലായിരുന്നു എന്നതും വൈകിയാണ് ബീഹാര്‍ ജനത അറിഞ്ഞിരുന്നത്. കൊല്ലപ്പെട്ടതിനു ശേഷമാണ് പുറംലോകം ഈ വസ്തുതയും അറഞ്ഞത് എന്നതാണ് യാഥാര്‍ത്ഥ്യം.

1980ല്‍ – കോണ്‍ഗ്രസിന്റെ ശാരദാ പ്രസാദ്, 1985ല്‍ കമല്‍ഡിയ നാരായണ്‍ സിന്‍ഹ, 1990ല്‍ ജനതാദളിന്റെ രവീന്ദ്ര നാരായണ്‍ സിംഗ്, 1995 ല്‍ സമാജ് വാദി പാര്‍ട്ടിയുടെ രാജേഷ് രാജന്‍ എന്നിവരെയാണ് വിവിധ തിരഞ്ഞെടുപ്പുകളിലായി അജിത് സര്‍ക്കാര്‍ പരാജയപ്പെടുത്തിയിരുന്നത്. അദ്ദേഹത്തിന്റെ തുടര്‍ച്ചയായ വിജയമായിരുന്നു ഇത്.ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ഖാന്‍പോലും അജിത് സര്‍ക്കാരിന്റെ ജീവചരിത്രം കേട്ട് അന്തംവിട്ടു പോയിട്ടുണ്ട്. അമീര്‍ഖാന്‍ അവതാരകനായ ‘സത്യമേവ ജയതേയുടെ’ അവസാന എപ്പിസോഡില്‍ അദ്ദേഹം തന്നെ ഇക്കാര്യം തുറന്നു പറഞ്ഞത് അമ്പരപ്പോടെയാണ് പ്രേക്ഷകര്‍ കേട്ടിരുന്നത്.ഇതുപോലുള്ള രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തിന് ആവശ്യമെന്നും… അജിത് സര്‍ക്കാറിന്റെ മരണം തന്നെ വല്ലാതെ ദുഖിപ്പിക്കുന്നു എന്നുമാണ് അമീര്‍ഖാന്‍ കണ്ണീരോടെ പറഞ്ഞിരുന്നത്. ഈ വൈകാരികദൃശ്യം ചാനല്‍ പരിപാടി കണ്ടവരുടെ കരളലിയിക്കുന്നതായിരുന്നു.

പേരിനൊപ്പമുള്ള ‘സര്‍ക്കാര്‍’ നാമവും അജിത് സര്‍ക്കാര്‍ എന്ന സി.പി.എം നേതാവിന് തികച്ചും യോജിച്ചതു തന്നെയായിരുന്നു. എം.എല്‍.എ ആകാതിരുന്ന സമയത്തു പോലും, ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് അവിടുത്തെ പാവങ്ങള്‍ക്ക് നീതി വാങ്ങി കൊടുത്ത… ‘സമാന്തര സര്‍ക്കാര്‍’ തന്നെ ആയിരുന്നു ഈ കമ്മ്യൂണിസ്റ്റ്.കമ്യൂണിസ്റ്റുകളെ സംബന്ധിച്ച്, ‘അധികാരം’ എന്നത്…ഒരിക്കലും അവരുടെ പരമ പ്രധാനമായ ലക്ഷ്യമല്ല. ലക്ഷ്യത്തില്‍ എത്താനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണത്. അധികാരമില്ലെങ്കിലും കമ്യൂണിസ്റ്റുകള്‍ അവരുടെ കടമകള്‍ നിര്‍വ്വഹിക്കുക തന്നെ ചെയ്യും. ജനകീയ ഇടപെടലുകള്‍ നടത്താന്‍ അധികാരം എന്ന ആയുധം ആവശ്യമില്ലെന്നത് രാജ്യത്ത് പലവട്ടം തെളിയിച്ചിട്ടുള്ളവരാണ് കമ്യൂണിസ്റ്റുകള്‍. അജിത് സര്‍ക്കാര്‍ മരണം വരെ പിന്‍തുടര്‍ന്നതും ഈ നയം തന്നെയാണ്. പുതിയ തലമുറയും, അതൊക്കെ ഓര്‍ത്താല്‍ നന്ന്…

EXPRESS KERALA VIEW

 

Top