കേസുകളുടെ എണ്ണം കൂടുന്നത് സ്ത്രീകള്‍ പരാതി പറയാന്‍ മുന്നോട്ടുവരുന്നതിന്റെ സൂചനയെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: പരാതികള്‍ പറയാന്‍ സ്ത്രീകള്‍ ധൈര്യത്തോടെ മുന്നോട്ടുവരുന്നു എന്നതിന്റെ സൂചനയാണ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് വനിതാ കമ്മീഷന്‍. അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ തയാറായി വരുന്നുണ്ടെന്നും വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാമണി. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷനംഗം.

വനിതാ കമ്മിഷന്റെ നേര്‍ പരിച്ഛേദമാണ് തദ്ദേശ സ്ഥാപന തലത്തിലുള്ള ജാഗ്രത സമിതികള്‍. സാധാരണ പ്രദേശത്ത് പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നങ്ങള്‍ തദ്ദേശസ്ഥാപന തലത്തിലെ ജാഗ്രത സമിതികള്‍ വഴി പരിഹരിക്കാം. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത സമിതിക്ക് ആവശ്യമായ പരിശീലനങ്ങള്‍ വനിത കമ്മിഷന്‍ നല്‍കുന്നുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനായി സെമിനാറുകളും സ്‌കൂള്‍ കുട്ടികള്‍ക്കായി ലഹരി, ലിംഗ സമത്വം, പോക്‌സോ വിഷയങ്ങളില്‍ ബോധവത്ക്കരണങ്ങള്‍ എന്നിവയും നടത്തുന്നുണ്ടെന്നും വനിത കമ്മിഷനംഗം പറഞ്ഞു.

ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതി, അണ്‍ എയ്ഡഡ് സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപികയെ പിരിച്ചുവിടുകയും അവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്ത വിഷയം, സ്വത്ത് തര്‍ക്കം, അയല്‍പക്ക പ്രശ്‌നങ്ങള്‍, വഴിതര്‍ക്കം ഉള്‍പ്പെടെ 22 കേസുകളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. അതില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. മൂന്നെണ്ണത്തില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. ഒരെണ്ണം കൗണ്‍സിലിംഗിന് വിട്ടു. 16 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.

Top