സമൂഹമാധ്യമത്തിലൂടെ അപമാനിച്ചു; ശ്രീജിത്ത് പെരുമനയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: സിനിമയിലേക്കുള്ള ക്ഷണം നിരസിച്ചതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ അധ്യാപിക സായി ശ്വേതയെ അപമാനിച്ച അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയ്ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. ഇത് സംബന്ധിച്ച് കോഴിക്കോട് റൂറല്‍ എസ്പിയോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

അതേസമയം, അധ്യാപികയുടെ പരാതി സ്‌പെഷല്‍ ബ്രാഞ്ച് പരിശോധിക്കുമെന്ന് വടകര റൂറല്‍ എസ്പി ഡോ.ശ്രീനിവാസ് അറിയിച്ചിരുന്നു. ഡിവൈഎസ്പി കെ.ഇ. ഇസ്മയിലിനാണ് അന്വേഷണ ചുമതല.

സംഭവം വിവാദമായതിന് പിന്നാലെ അഭിഭാഷകന്റെ ഓഡിയോയും ഫേസ്ബുക്ക് പോസ്റ്റും പൊലീസ് പരിശോധിച്ചു. എന്നാല്‍ ഇതില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധത്തിലുള്ള പരാമര്‍ശം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സായി ശ്വേത പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്ന വശങ്ങളും പരിശോധിച്ചിട്ടുണ്ട്. അതേസമയം റിപ്പോര്‍ട്ട് എസ്പിക്ക് സമര്‍പ്പിട്ടില്ല.

സിനിമയില്‍ അഭിനയിക്കാമെന്ന പേരില്‍ അഭിഭാഷകന്‍ വിളിക്കുകയും താത്പര്യമില്ലെന്നറിയിച്ചതിന് പിന്നാലെ ഫേസ്ബുക്കില്‍ മോശമായ രീതിയില്‍ പോസ്റ്റിട്ട് അപമാനിച്ചുവെന്നാണ് സായി ശ്വേത പരാതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ സായി ശ്വേതയെ അപമാനിച്ചിട്ടില്ലെന്ന് അഭിഭാഷന്‍ വ്യക്തമാക്കി.

Top