കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു; മരുന്ന് മാറി കുത്തിവെച്ചെന്ന് ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂടരഞ്ഞി സ്വദേശി സിന്ധു (45)വാണ് മരിച്ചത്. മരുന്നു മാറി കുത്തിവെച്ചതിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതേത്തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. ഇന്നലെയാണ് സിന്ധുവിനെ പനി ബാധിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആദ്യം കാഷ്വാലിറ്റിയിൽ കാണിച്ച സിന്ധുവിന്, ശക്തമായ പനിയുള്ളതിനാൽ അഡ്മിറ്റ് ചെയ്ത് 12-ാം വാർഡിലേക്ക് മാറ്റുകയായിരുന്നു. ഇന്നു രാവിലെ കുത്തിവയ്പ്പ് എടുത്തതിന് ശേഷം പൾസ് റേറ്റ് താഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് മരണം സംഭവിച്ചു. മരുന്ന് മാറി കുത്തിവെച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Top