യുവതിയും രണ്ട് കുട്ടികളും ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍

കുഴല്‍മന്ദം: യുവതിയെയും രണ്ട് കുട്ടികളേയും ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാത്തൂര്‍ പല്ലന്‍ചാത്തനൂര്‍ തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (24), മക്കളായ ആഗ്‌നേഷ് (അഞ്ച്), ആഗ്‌നേയ (അഞ്ച് മാസം) എന്നിവരാണ് മരിച്ചത്. യുവതിയെ തൂങ്ങി മരിച്ച നിലയിലും ഇവരുടെ രണ്ട് കുട്ടികളെ വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കുട്ടികളുടെ മരണകാരണം വ്യക്തമാകുകയുള്ളൂ.

സംഭവസമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കെട്ടിട നിര്‍മാണ തൊഴിലാളിയായ മഹേഷ് പണിക്ക് പോയിരുന്നു. ഉച്ചഭക്ഷണത്തിന് വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. ആഗ്നേഷിനെ കിടക്കയിലും ആഗ്നേയയെ തൊട്ടിലിലുമാണ് മരിച്ച നിലയില്‍ കണ്ടത്. മുറിയില്‍ റൊട്ടി, ശീതളപാനീയ കുപ്പി എന്നിവ കണ്ടെത്തി.

കുഞ്ഞുങ്ങള്‍ രണ്ടുപേരെയും കുഴല്‍മന്ദം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ കൃഷ്ണകുമാരിക്ക് മാനസികരോഗമുള്ളതായി മഹേഷ് പറയുന്നു. ഇതിന് ചികത്സ നടത്തുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

Top