‘സാക്ഷിക്ക് കാണാം’; സുനില്‍ കുമാറിന്റെ കാഴ്ചയ്ക്ക് കുഴപ്പമില്ലെന്ന് പരിശോധനാഫലം

പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽകുമാറിനു മികച്ച കാഴ്ചശക്തിയെന്ന് പരിശോധനാഫലം. കോടതി നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. താനും മധുവും ഉൾപ്പെട്ട ദൃശ്യങ്ങൾ കാണാനാകുന്നില്ലെന്ന് കോടതിയിൽ പറഞ്ഞ സാക്ഷി സുനിൽകുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാൻ മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി നിർദേശിക്കുകയായിരുന്നു. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. ഇതിലാണ് സുനിൽകുമാറിന് മികച്ച കാഴ്ചശക്തിയാണുള്ളതെന്ന് തെളിഞ്ഞത്.

മധുവിനെ മർദിച്ച സ്ഥലമായ മുക്കാലിയിലേക്ക് കൊണ്ടുവരുന്ന ദൃശ്യമാണ് കോടതിയിൽ കാണിച്ചത്. ഈ വീഡിയോയിൽ കാഴ്ചക്കാരാനായി സുനിൽ കുമാർ നിൽക്കുന്നത് കാണാം.ബാക്കിയുള്ളവർക്കെല്ലാം കാണാൻ കഴിയുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു.

കേസിൽ 29ാം സാക്ഷിയാണ് സുനിൽ കുമാർ. മധുവിനെ വനത്തിൽനിന്ന് പിടിച്ചുകൊണ്ടുവരുന്നത് കണ്ടു എന്നായിരുന്നു ഇയാൾ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ ഇക്കാര്യം വിസ്താര വേളയിൽ നിഷേധിച്ചു. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം പതിനാറായി.

അതേസമയം, കേസിൽ കൂറുമാറ്റം നടത്തിയതിന് പിന്നാലെ സുനിൽകുമാറിനെ വനംവകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സൈലന്റ് വാലി ഡിവിഷനിൽ താത്ക്കാലിക വനം വാച്ചറായിരുന്നു സുനിൽകുമാർ.

Top