അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം പൂര്‍ത്തിയായി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറി. ഇതോടെ അഫ്ഗാനിലെ 20 വര്‍ഷത്തെ സംഘര്‍ഷഭരിതമായ സേവനമാണ് അമേരിക്കന്‍ സൈന്യം അവസാനിച്ചത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ദൗത്യം പൂര്‍ത്തിയായെന്ന് പെന്റഗണ്‍ അറിയിച്ചു. അമേരിക്കന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍ നാട്ടിലേക്ക് മടങ്ങി.

അമേരിക്കന്‍ വ്യോമസേനയുടെ സി17 എന്ന വിമാനം കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 3.29 പറന്നുയറന്നതോടെ അമേരിക്കന്‍ പിന്‍മാറ്റം പൂര്‍ണമായി.

ഓഗസ്റ്റ് 31 ന് മുന്‍പ് സേനാ പിന്‍മാറ്റം സാധ്യമാക്കുമെന്ന യുഎസ് പ്രഖ്യാപനം പുര്‍ത്തിയായതോടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് താലിബാന്‍ ആഘോഷം സംഘടിപ്പിച്ചു. ചരിത്ര മുഹൂര്‍ത്തം എന്നാണ് താലിബാന്‍ യുഎസ് സേനാ പിന്‍മാറ്റത്തെ വിശേഷിപ്പിച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നേടിയെന്നും താലിബാന്‍ പ്രതികരിച്ചു.

2001 സെപ്തംബര്‍ 11 ന് നടന്ന ആക്രമണത്തിന് പിന്നാലെ അഫ്ഗാനില്‍ പോരാട്ടത്തിന് ഇറങ്ങിയ യുഎസ് സേന നീണ്ട 20 വര്‍ഷത്തിന് ശേഷമാണ് പൂര്‍ണമായും പിന്‍മാറുന്നത്. യുഎസ് സ്ഥാനപതി റോല്‍ വില്‍സണ്‍ ഉള്‍പ്പെടെ അഫ്ഗാന്‍ വിട്ടതായാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് പിന്‍മാറ്റം പൂര്‍ത്തീകരിക്കാനും അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള സൈനിക ദൗത്യം അവസാനിപ്പിക്കുകയാണ് എന്ന് യുഎസ് മറൈന്‍ ജനറല്‍ ഫ്രാങ്ക് മക്കെന്‍സി പ്രതികരിച്ചു.

പുതിയ സാഹചര്യത്തിന് പിന്നാലെ 123000 പേരെ അഫ്ഗാനില്‍ നിന്നും പുറത്തെത്തിച്ചതായി പെന്റഗണ്‍ അവകാശപ്പെട്ടു. എന്നാല്‍ ‘പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും പുറത്ത് കൊണ്ടുപോവാന്‍ കഴിഞ്ഞില്ല. പക്ഷേ, 10 ദിവസം കൂടി നിന്നാല്‍, ഇത് സാധ്യമാക്കാന്‍ കഴിയുമായിരുന്നു. ആളുകള്‍ ഇപ്പോഴും നിരാശരായിരിക്കും. ഇത് ബുദ്ധിമുട്ടുള്ള സാഹചര്യമാണ്’ എന്നായിരുന്നു ഫ്രാങ്ക് മക്കെന്‍സിയുടെ നിലപാട്.

Top