ജയ് ഷായുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതിന് ‘ദ വയര്‍’ ഓണ്‍ലൈന്‍ പോര്‍ട്ടലിന് വിലക്ക്

അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതിന് ‘ദ വയര്‍’ ഓണ്‍ലൈന്‍ പോര്‍ട്ടലിന് വിലക്ക്.

അഹമ്മദാബാദ് സിവില്‍ കോടതിയുടേതാണ് ഉത്തരവ്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണമുന്നയിച്ച ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാ അഹമ്മാബാദ് മജിസ്‌ട്രേട്ട് കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എണ്‍പതു കോടിയുടെ വരുമാനമുണ്ടാക്കിയെന്നായിരുന്നു ആരോപണം.

ജയ് അമിത് ഭായ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിറ്റുവരവ് ഒരു വര്‍ഷംകൊണ്ട് 16,000 മടങ്ങു വര്‍ധിച്ചുവെന്നാണു ‘ദ് വയര്‍’ എന്ന വാര്‍ത്താ വെബ്‌സൈറ്റിന്റെ വെളിപ്പെടുത്തല്‍.

അമിത് ഷായുടെ മകന്റെ ഉടമസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടേതായി 2013 മുതല്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ വരെ റജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ (ആര്‍ഒസി) ലഭ്യമാക്കിയിട്ടുള്ള കണക്കുകളാണു വാര്‍ത്തയ്ക്ക് അടിസ്ഥാനം. രേഖകളനുസരിച്ച്, കാര്‍ഷികോല്‍പന്നങ്ങളുടെ മൊത്തക്കച്ചവടം നടത്തിയിരുന്ന കമ്പനിക്കു 2013ല്‍ 6,230 രൂപയുടെയും 2014ല്‍ 1,724 രൂപയുടെയും നഷ്ടമുണ്ടായി.

2015ല്‍ വരുമാനം 50,000 രൂപ; ലാഭം 18,728 രൂപ. 2015–16ല്‍ കമ്പനിയുടെ വിറ്റുവരവ് 80.5 കോടിയായി കുതിച്ചുയര്‍ന്നു. എന്നാല്‍, കഴിഞ്ഞ ഒക്‌ടോബറില്‍ മുന്‍ വര്‍ഷങ്ങളുടെ നഷ്ടം കണക്കിലെടുത്തു കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചു.

വാര്‍ത്ത തയാറാക്കുന്നതിന്റെ ഭാഗമായി അമിത് ഷായുടെ മകനോടു വെബ്‌സൈറ്റ് പ്രതികരണം ചോദിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നല്‍കിയ മറുപടിയില്‍ കണക്കുകള്‍ നിഷേധിച്ചില്ല. പകരം, ക്രമക്കേട് ആരോപിച്ചുള്ള വാര്‍ത്ത നല്‍കിയാല്‍ നിയമനടപടിയെടുക്കുമെന്നും മുന്നറിയിപ്പു നല്‍കി.

എന്നാല്‍ ഉല്‍പന്നങ്ങളുടെ വില്‍പന വര്‍ധിച്ചതിനാല്‍ വിറ്റുവരവും വര്‍ധിച്ചെന്നാണു കമ്പനി ആര്‍ഒസിയോടു വ്യക്തമാക്കിയത്. വര്‍ധിച്ച വിറ്റുവരവില്‍ വിദേശത്തുനിന്നുള്ള 51 കോടി രൂപയുടെ വരുമാനവും ഉള്‍പ്പെടും. വിറ്റുവരവില്‍ വന്‍ വര്‍ധനയുണ്ടായ കാലയളവില്‍, കെഐഎഫ്എസ് ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന സ്ഥാപനത്തില്‍നിന്നു ടെംപിള്‍ എന്റര്‍പ്രൈസസിന് 15.78 കോടി രൂപ വായ്പയായി ലഭിച്ചിട്ടുണ്ട്.

അതേ വര്‍ഷം കെഐഎഫ്എസിന്റെ വരുമാനം ഏഴു കോടി മാത്രമായിരുന്നുവെന്നും വായ്പ നല്‍കിയതായി അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നും വെബ്‌സൈറ്റ് ആരോപിച്ചിരുന്നു.

Top