അമിത് ഷായ്ക്കും മകന്‍ ജയ് ഷായ്ക്കുമെതിരെ പുതിയ വെളിപ്പെടുത്തലുമായി ദി വയര്‍

amith-sha

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും മകന്‍ ജയ് ഷായെയും വീണ്ടും പ്രതിക്കൂട്ടിലാക്കി ദി വയര്‍ വെബ്സൈറ്റ്.

ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ക്കു നിയമപ്രാബല്യം ലഭിച്ച് ഒരു വര്‍ഷത്തിനുശേഷവും അമിത് ഷായും ജയ് ഷായും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനില്‍ നിയമം ലംഘിച്ചു തുടരുന്നതായാണു റിപ്പോര്‍ട്ട്.

ലോധ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2016-ല്‍ സുപ്രീംകോടതി നടപ്പിലാക്കാന്‍ നിര്‍ദേശിച്ച ഉത്തരവനുസരിച്ച് ഒരു ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ്, ട്രഷര്‍, ജോയിന്റ് സെക്രട്ടറി എന്നീ പദവികളില്‍ ഒരാള്‍ക്ക് പരമാവധി 3 വര്‍ഷം മാത്രമേ ഇരിക്കാവൂ. ഇതിനുശേഷം മൂന്നു വര്‍ഷത്തെ കൂളിംഗ് ഓഫ് സമയപരിധി നല്‍കണം. ഔദ്യോഗിക പദവികള്‍ വഹിക്കുന്നവര്‍ ബോര്‍ഡുകളുടെ ഭരണസമിതിയില്‍ ഉള്‍പ്പെടാനും പാടില്ല എന്നാണു പറയുന്നത്.

സുപ്രീം കോടതിയുടെ ഈ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായാണ് അമിത് ഷായും ജയ് ഷായും തുടരുന്നതെന്നു ദി വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 മുതല്‍ അമിത് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ്. ജയ് ഷായാകട്ടെ 2013 മുതല്‍ ജോയന്റ് സെക്രട്ടറി സ്ഥാനവും വഹിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണെങ്കിലും ഇത് വൈകിപ്പിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ അമിത് ഷായ്ക്കും ഇപ്പോഴുള്ള പദവി ഒഴിയേണ്ടി വരും. മാത്രമല്ല, അമിത് ഷാ ഓഗസ്റ്റില്‍ ബിജെപി എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സുപ്രീം കോടതി നിര്‍ദേശം പരിഗണിച്ചാല്‍ അമിത് ഷായ്ക്ക് ഇതും എതിരായി വരുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതു സംബന്ധിച്ച വയറിന്റെ ചോദ്യങ്ങളോട് അമിത് ഷാ പ്രതികരിച്ചില്ല. ജയ് ഷാ പിന്നീട് മറുപടി നല്‍കാമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്തു.

Top