സ്വര്‍ഗത്തിലേക്കുള്ള പാത ചായക്കോപ്പയിലൂടെ; ഇന്ന് ലോക ചായദിനം

ലോകത്ത് പച്ചവെള്ളം കഴിഞ്ഞാല്‍ ആളുകള്‍ കൂടുതല്‍ കുടിക്കുന്നത് ചായ ആണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് മനുഷ്യനും ചായയും തമ്മിലുള്ള ആത്മബന്ധം. ഓരോ നാട്ടില്‍ ഓരോ സംസ്‌കാരങ്ങള്‍ക്കൊപ്പം പേരും രൂപവും നിറവും മാറി ചായ മനുഷ്യജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു. അയ്യായിരം വര്‍ഷംമുമ്പ് ചൈനയിലാണ് ചായ പിറന്നതെന്നാണ് പറയപ്പെടുന്നത്. കൃത്യമായ ചരിത്രമില്ല ചായയുടെ പിന്നില്‍.

ബി.സി. 2732ല്‍ ചൈനീസ് ചക്രവര്‍ത്തിയായ ഷെന് നൂങ് വേട്ടയ്ക്കിറങ്ങിയ ഒരു ദിവസം. തിളപ്പിക്കാന്‍വെച്ച വെള്ളത്തിലേക്ക് ഒരു കാട്ടുചെടിയുടെ ഇല പാറിവീഴുന്നു. വെള്ളം മെല്ലെ തവിട്ടുനിറമായി. പോരാത്തതിന് കൊതിപ്പിക്കുന്നൊരു മണവും. ചക്രവര്‍ത്തി വെള്ളമൊന്നു തൊട്ടു നാവില്‍വെച്ചു. ആ പാനീയം നല്‍കിയ ഉന്മേഷം ചക്രവര്‍ത്തിക്കു നന്നേ ബോധിച്ചു. തന്റെ ശരീരത്തിലെ ഓരോ ഭാഗത്തെയും അന്വേഷിച്ചിറങ്ങുന്നപോലെ എന്നായിരുന്നത്രേ ഷെന് നൂങ് അന്ന് ആ പാനിയത്തിന്റെ ഉന്മേഷത്തിന് പറഞ്ഞത്.

ആ പാനീയത്തിന് ചാ എന്നദ്ദേഹം പേരിട്ടു. ചൈനീസ് ഭാഷയില്‍ ചാ എന്നാല്‍ അന്വേഷണം എന്നാണ് അര്‍ത്ഥം. വടക്കുകിഴക്കന്‍ ഇന്ത്യയിലോ വടക്കന്‍ മ്യാന്‍മാറിലോ ആണ് ചായയുടെ ജനനമെന്നും മറ്റൊരു വിശ്വാസവുമുണ്ട്. ചൈനയില്‍ പിറന്ന ചായ അങ്ങനെ പട്ടുപാതയിലൂടെ യൂറോപ്പിലേക്കും ഏഷ്യയിലേക്കും കടന്നു. തേയിലച്ചെടികള്‍ ധാരാളമായി ഉണ്ടായിരുന്നിട്ടും ചായയുണ്ടാക്കാനുള്ള വിദ്യ ഇന്ത്യക്കാര്‍ക്ക് വശമായിരുന്നില്ല.

ചായ പാനീയമായി ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തിയത് ബ്രിട്ടീഷുകാരാണ്. തേയില ഉത്പാദനത്തില്‍ ചൈനയെ കടത്തിവെട്ടാനായിരുന്നു ബ്രിട്ടന്റെ മനസ്സിലിരുപ്പ്. ഇന്ത്യന്‍ മണ്ണ് തേയില വളര്‍ത്താന്‍ മികച്ചതാണെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടന്‍ ഇവിടെ തേയിലകൃഷി വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടു. 14 വര്‍ഷത്തിന്റെ ശ്രമത്തിനൊടുവിലാണ് വ്യാവസായികാടിസ്ഥാനത്തിലെ തേയില ഉത്പാദനം ഇന്ത്യയില്‍ പച്ചപിടിച്ചു തുടങ്ങിയത്.

എന്നാല്‍ ഇന്ന് എണ്ണിയാലൊടുങ്ങാത്ത തരം ചായകളുണ്ട് ലോകത്ത്. ഓരോ നാടിന്റെയും രുചിഭേദങ്ങള്‍ക്കനുസരിച്ച് പലതരം ചായകള്‍ രൂപം കൊണ്ടു.കട്ടന്‍ ചായ, ഗ്രീന്‍ ടീ, ഊലോങ്, വൈറ്റ് ടീ, യെല്ലോ ടീ, മസാല ചായ, തന്തൂരി ചായ, കോള്‍ഡ് ബ്രൂ, ബട്ടര്‍ ചായ അങ്ങനെ എത്രയോ തരം. ലോകത്ത് ഉത്പാദിപ്പിക്കുന്നതില്‍ 75 ശതമാനവും ബ്ലാക്ക് ടീയാണ്. 20 ശതമാനം ഗ്രീന്‍ ടീയും.

2019 ഡിസംബറിലാണ് എല്ലാ വര്‍ഷവും മേയ് 21 അന്താരാഷ്ട്ര ചായദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. 2015ല്‍ ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശപ്രകാരമായിരുന്നു ഇത്. അതുവരെ ഡിസംബര്‍ 15 ആയിരുന്നു ചായദിനം. മിക്ക രാജ്യങ്ങളിലും തേയില ഉത്പാദന സീസണ്‍ തുടങ്ങുന്നത് മേയിലായതുകൊണ്ടാണ് മേയ് 21ലേക്ക് ഇതു മാറ്റിയത്.

Top