ആശങ്കയോടെ ജനങ്ങള്‍; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു.

നിലവില്‍ 137.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2397.06 അടിയാണ് ഇടുക്കി അണക്കെട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഉച്ചക്ക് ഒരു മണിക്കൂറിനുള്ളില്‍ 16000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്.

രാവിലെ ജലനിരപ്പ് 136.1 അടിയായിരുന്നു. ഉച്ചവരെ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നത് 0.7 അടിയായിട്ടാണ്. തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൊണ്ടു പോകുന്നത് 2200 ഘനയടി വെള്ളമാണ്. ശക്തമായ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയരുമെന്ന ആശങ്കയിലാണ്.

Top