ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നില്ല; കൂടുതല്‍ വെള്ളം തുറന്നുവിടും

ഇടുക്കി: ജലനിരപ്പ് കൂടുന്നതിനാല്‍ ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും. കനത്ത മഴയെത്തുടര്‍ന്ന് മുന്‍കരുതലായി ഇടുക്കി അണക്കെട്ടിന്റെ ചെറുതോണിയിലെ മൂന്ന് ഷട്ടറുകള്‍ കഴിഞ്ഞദിവസം തുറന്നിരുന്നു. എന്നാല്‍, ജലനിരപ്പില്‍ കാര്യമായ വ്യത്യാസം ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

ഞായറാഴ്ച 10 മണിക്കാണ് മൂന്നാമത്തെ ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം തുറന്നുവിട്ടത്. എന്നാല്‍, ജലനിരപ്പ് താഴാതിരുന്നതോടെ രണ്ടും നാലും ഷട്ടറുകള്‍ കൂടി ഉയര്‍ത്തി ഒരുലക്ഷം ലിറ്ററാക്കി. എന്നിട്ടും ജലനിരപ്പ് താഴാത്തതിനാലാണ് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കി വിടാന്‍ തീരുമാനം. ഈ നില തുടര്‍ന്നാല്‍ രണ്ടുലക്ഷം ലിറ്റര്‍ വെള്ളംവീതമാണ് തുറന്നുവിടുക. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2385.18 അടിയാണ് ജലനിരപ്പ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 ഷട്ടറുകള്‍ തുറന്നുവിട്ട് മൂന്നുദിവസം കഴിഞ്ഞിട്ടും ജലനിരപ്പ് ഉയരുകയാണ്. 138.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഞായറാഴ്ച കൂടുതല്‍ വെള്ളം പെരിയാറിലേക്ക് ഒഴുക്കിത്തുടങ്ങി. 12000 ക്യൂസെക്‌സ് വെള്ളമാണ് മുല്ലപ്പെരിയാറിലേക്ക് എത്തുന്നത്. എന്നാല്‍ 5000 ക്യൂസെക്‌സ് വെള്ളം മാത്രമേ മുല്ലപ്പെരിയാറില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്നുള്ളൂ. ഈ വെള്ളവും ഇടുക്കിയിലേക്കാണ് എത്തുന്നത്. ഇതോടെയാണ് ഇടുക്കിയിലെ ജലനിരപ്പ് കൂടിയത്.

ഇടമലയാര്‍ അണക്കെട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടമലയാര്‍ തുറന്നാല്‍ ഇവിടെ നിന്നുള്ള വെള്ളവും ഇടുക്കി അണക്കെട്ടിലേക്കെത്തും. ഈ രണ്ടിടത്തുനിന്നുള്ള വെള്ളം ഭൂതത്താന്‍ കെട്ട് അണക്കെട്ടിലേക്കാണ് എത്തുന്നത്.

Top