ത്രിവർണത്തിൽ പുറത്തേക്കൊഴുകി ഇടുക്കി ഡാമിലെ വെള്ളം; ദൃശ്യവിരുന്നൊരുക്കി ടൂറിസം

ഇടുക്കി;  75–ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിൽ ദൃശ്യവിസ്മയം തീർത്തു. ത്രിവർണത്തിലാണ് വെള്ളം ഒഴുകുന്നത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് മനോഹരമായ ദൃശ്യം ഫേയ്സ്ബുക്കിലൂടെ പങ്കുവച്ചത്.

ലൈറ്റ് ഉപയോഗിച്ച് ഹൈഡൽ ടൂറിസം വകുപ്പാണ് ദൃശ്യവിരുന്ന് ഒരുക്കിയത്. മൂന്നു നിറത്തിലുള്ള ലൈറ്റുകൾ  തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്ക് പതിപ്പിക്കുകയായിരുന്നു. ഡാം തുറന്നതിന്റെ ആശങ്കകൾ നിലനിൽക്കുമ്പോഴും ഈ മനോഹരമായ കാഴ്ച ജനങ്ങൾക്ക് ആശ്വാസമാകുകയാണ്.

ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75–ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്

Top