പട്ടാഭിഷേകത്തിനായുള്ള കാത്തിരിപ്പ് ചിലപ്പോള്‍ വനവാസത്തില്‍ അവസാനിക്കും ; ശിവരാജ് സിംഗ് ചൗഹാന്‍

ഭോപ്പാല്‍: പട്ടാഭിഷേകത്തിനായുള്ള കാത്തിരിപ്പ് ചിലപ്പോള്‍ വനവാസത്തില്‍ അവസാനിക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍. 2023 നവംബറില്‍ നടന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയിരുന്നു. എന്നാല്‍ നാല് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാനെ മാറ്റി പകരം മോഹന്‍ യാദവിനെ മുഖ്യമന്ത്രിയായി ബിജെപി തിരഞ്ഞെടുക്കുകായിരുന്നു. ഇതേ തുടര്‍ന്നാണ് ചൗഹാന്റെ പ്രതികരണം. തന്റെ അസംബ്ലി മണ്ഡലമായ ബുധ്‌നിയിലെ ഷാഗഞ്ച് എന്ന സ്ഥലത്ത് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ശിവരാജ് ചൗഹാന്‍ വികാരാധീനനായത്. താന്‍ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് തന്റെ സഹോദരിമാര്‍ക്കിടയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സദസ്സിലിരുന്ന സ്ത്രീകള്‍ ‘ഭയ്യാ (സഹോദരാ), ഞങ്ങളെ തനിച്ചാക്കി എങ്ങോട്ടും പോകരുത്’ എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ ‘ഞാന്‍ എവിടെയും പോകില്ല. ഇവിടെ ജീവിക്കുകയും ഇവിടെ മരിക്കുകയും ചെയ്യും’ എന്ന് ചൗഹാന്‍ പറഞ്ഞു.

മുന്‍ ബിജെപി സര്‍ക്കാര്‍ ആരംഭിച്ച ലാഡ്ലി ബെഹ്ന യോജന (സ്ത്രീക്ഷേമം), ഭവന പദ്ധതി, ഓരോ കുടുംബത്തിനും ഒരു ജോലി എന്ന പദ്ധതി, കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും നിലവിലെ സര്‍ക്കാര്‍ നിറവേറ്റും എന്നും ചൗഹാന്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സര്‍ക്കാരല്ല ബിജെപിയുടെ സര്‍ക്കാരാണ് ഉള്ളത്, അതിനാല്‍ ഈ പദ്ധതികളെല്ലാം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘പുതിയ സര്‍ക്കാര്‍ നിലവിലുള്ള വികസന പ്രവര്‍ത്തനങ്ങളെല്ലാം മുന്നോട്ട് കൊണ്ടുപോകും. എല്ലാത്തിനും പിന്നില്‍ വലിയ ലക്ഷ്യം ഉണ്ടായിരിക്കും. ‘രാജ്തിലക്’ (പട്ടാഭിഷേകം) നടക്കുമ്പോള്‍, ചിലപ്പോള്‍ ഒരാള്‍ ‘വനവാസ’ത്തില്‍ പോകേണ്ടി വരാം. എന്നാല്‍ ഇതെല്ലാം സംഭവിക്കുന്നത് മറ്റ് ചില വലിയ ലക്ഷ്യങ്ങള്‍ നിറവേറ്റാനാണ്.’ ചൗഹാന്‍ പറഞ്ഞു. ഷാഗഞ്ചില്‍ എത്തിയ ചൗഹാനെ ബിജെപി പ്രവര്‍ത്തകരും സ്ത്രീകളും ചേര്‍ന്ന് സ്വീകരിച്ചു.

ബുധ്നി അസംബ്ലി മണ്ഡലത്തില്‍ നിന്ന് എതിരാളിയായ കോണ്‍ഗ്രസിന്റെ വിക്രം മസ്തലിനെക്കാള്‍ 1.04 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചൗഹാന്‍ വിജയിച്ചത്. 2023 നവംബറില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍, 230 നിയമസഭാ സീറ്റുകളില്‍ 163 സീറ്റുകളും ബിജെപി നേടി അധികാരം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ നാല് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാനെ ഇത്തവണ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു.

Top