സിപിഎമ്മിന് എങ്ങനെ വോട്ടുകൂടി; നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ

കൊൽക്കത്ത: ബംഗാളിലെ ബിജെപി പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 2.29 കോടി വോട്ട് നേടിയിട്ടും അടുത്തിടെ നടന്ന ഉപതെരഞ്ഞടുപ്പുകളിലും മുൻസിപ്പൽ തെരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ വോട്ട് വിഹിതം വർധിച്ചതെങ്ങനെയെന്ന് അമിത് ഷാ ചോദിച്ചു. പാർട്ടി യോഗത്തിലായിരുന്നു അമിത് ഷായുടെ വിമർശനം.

ബിജെപി നേതാക്കൾക്ക് ജനങ്ങളിലേക്ക് എത്താൻ കഴിയാത്തതാണ് വോട്ടുകുറയാൻ കാരണമെന്ന് അമിത് ഷാ വിമർശിച്ചു. ഈ വർഷം ബംഗാളിൽ നടന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിലും കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിലും വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ സിപിഎം ആണ് രണ്ടാമത്. കഴിഞ്ഞ വർഷം നടന്ന ബാലിഗഞ്ച് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സിപിഎമ്മിന് പിന്നിലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ, ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്, ജോയിന്റ് സെക്രട്ടറിമാർ, സംസ്ഥാനത്തെ തെരഞ്ഞടുപ്പ് നീരീക്ഷകർ എന്നിവരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി.

നിയമസഭയിലെ പ്രധാന പ്രതിപക്ഷ കക്ഷിയെന്നത് ലക്ഷ്യം നേടാനുള്ള മാനദണ്ഡമാക്കാനാവില്ല. സംസ്ഥാനത്തുടനീളം സാധാരണക്കാരന്റെ ദൈനദിന പ്രശ്‌നങ്ങളിൽ ഇടപെടണമെന്നും ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമെ ആളുകളെ പാർട്ടിക്കൊപ്പം നിർത്താൻ കഴിയുകയുള്ളു. അല്ലാതെ തൃണമൂൽ വിരുദ്ധത ജനങ്ങളിൽ എത്തിക്കൽ എളുപ്പമാകില്ലെന്ന് അമിത് ഷായെ ഉദ്ധരിച്ച് ബിജെപി നേതാവ് പറഞ്ഞു.

അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. പാർട്ടിയുടെ വളർച്ച എത്രമാത്രമുണ്ടെന്ന് കാണിക്കുന്നത് താഴെത്തട്ടിൽ നടക്കുന്ന തെരഞ്ഞടുപ്പുകളാണ്. പഞ്ചായത്ത് തെരഞ്ഞടുപ്പിൽ പാലിക്കേണ്ട മാർഗരേഖ അമിത് ഷാ നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബിജെപി നേതാവ് പറഞ്ഞു. അതേസമയം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ മികച്ച പ്രകടനം നടത്താനാകുമെന്ന് സിപിഎം നേതാവ് സുജൻ ചക്രബർത്തി പറഞ്ഞു. സിപിഎമ്മിന്റെ വോട്ട് വിഹിതത്തിലുണ്ടായ കുറവാണ് അവർക്ക ലഭിച്ചത്. മമതാ ബാനർജി സർക്കാരിനെ ഇല്ലാതാക്കാൻ ബിജെപിക്ക് കഴിയുമെന്ന് അവർ പ്രതീക്ഷിച്ചതാണ് വോട്ട് വിഹിതം കുറയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Top