വിഴിഞ്ഞം പദ്ധതി തുടങ്ങിയത് ഇ കെ നായനാരുടെ കാലത്ത്, ഇടതുപക്ഷം എതിര്‍ത്തിട്ടില്ല; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ ഇടതുപക്ഷം ഒരുകാലത്തും എതിര്‍ത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംസ്ഥാന താത്പര്യത്തെ ഹനിക്കുന്ന കരാറിലെ ചില വ്യവസ്ഥകളോടായിരുന്നു എതിര്‍പ്പ് എന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഉപേക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും മന്‍മോഹന്‍ സര്‍ക്കാരും തീരുമാനിച്ചിരുന്നു.

അന്ന് എല്‍ഡിഎഫ് വിഴിഞ്ഞം മുതല്‍ അയ്യങ്കാളി ഹാള്‍ വരെ മനുഷ്യച്ചങ്ങല തീര്‍ത്തു. ചങ്ങലയുടെ ആദ്യ കണ്ണിയായത് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്. പദ്ധതിയെ എതിര്‍ത്തു എന്ന യുഡിഎഫ് വാദം ശുദ്ധ അസംബന്ധമാണെന്ന് തെളിയിക്കാന്‍ ഇതു മതി എന്ന് പറഞ്ഞ അദ്ദേഹം ഇ കെ നായനാരുടെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത് എന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

ഈ മാസം 15 നാണ് വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ ഫ്ളാഗ് ഇന്‍ ചെയ്ത് സ്വീകരിച്ചു. കേരളത്തെ സംബന്ധിച്ച് അസാധ്യമായി ഒന്നുമില്ലെന്ന് പൊതുപരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില രാജ്യാന്തര ലോബികള്‍ വിഴിഞ്ഞം തുറമുഖത്തിന് എതിരെ നിന്നുവെന്നും മുഖ്യമന്ത്രി പ്രസംഗവേളയില്‍ പറഞ്ഞു. തടസങ്ങള്‍ പലതുണ്ടായിരുന്നിട്ടും വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു. അപൂര്‍വതകളില്‍ അപൂര്‍വമായ സവിശേഷതകളാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതി ജനങ്ങള്‍ വലിയ തോതില്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് പ്രതിസന്ധിയേയും ഐക്യത്തോടെയും കൂട്ടായ്മയോടെയും മറികടക്കുമെന്ന് നമ്മള്‍ തെളിയിച്ചു. വികസിത കേരളമാണ് എല്ലാവരുടേയും ആഗ്രഹം. കേരളത്തിന്റെ വികസനക്കുതിപ്പിന് വിഴിഞ്ഞം കരുത്തേകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരും വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Top