തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിന് വിജിലന്‍സിന് സമയം നീട്ടി നല്‍കി

thomas chandy

തിരുവനന്തപുരം: കായല്‍ കൈയേറ്റ കേസ് വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിന് വിജിലന്‍സിന് സമയം നീട്ടി നല്‍കി.

15 ദിവസം കൂടിയാണ് കോട്ടയം വിജിലന്‍സ് കോടതി സമയം നല്‍കിയിരിക്കുന്നത്. കേസ് ഇനി ജനുവരി നാലിന് പരിഗണിക്കും.

നേരത്തെ, തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണ ഫയല്‍ ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ തിരിച്ചയച്ചിരുന്നു.

റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും അന്വേഷണം തുടരാനും വിജിലന്‍സിനോട് ബെഹ്‌റ നിര്‍ദ്ദേശിച്ചു.

ഇന്ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ഡയറക്ടറുടെ നടപടി.

ഈ സാഹചര്യത്തില്‍ അന്വേഷണത്തിനായി വിജിലന്‍സ് സമയം നീട്ടിച്ചോദിച്ചിരുന്നു.

എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് നിലംനികത്തി ലേക്പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതിലൂടെ 65 ലക്ഷം രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന പരാതിയിലാണ് തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടത്.

ജനതാദള്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ പരാതിയിലായിരുന്നു നടപടി.

Top