ബഹിരാകാശത്ത് മുടി വെട്ടൽ; രാജയുടെ വീഡിയോ വൈറൽ

ദിവസങ്ങൾക്ക് മുൻപ് ബഹിരാകാശത്ത് നടന്ന മുടിവെട്ടലിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരിക്കുന്നത്. ബഹിരാകാശ യാത്രികൻ മാത്തിയാസ് മൗവറിന് ഇന്ത്യൻ വംശജനായ രാജാ ചാരി മുടിവെട്ടിക്കൊടുക്കുന്നതാണ് വീഡിയോ.

ഗുരുത്വാകർഷണമില്ലാത്ത നിലയത്തിൽ ഇതെങ്ങനെ സാധിക്കുന്നു എന്നാണ് മിക്കവരും ചോദിക്കുന്നത്. വെട്ടുന്ന മുടികൾ നിലയത്തിൽ ഒന്നടങ്കം പറന്നുനടക്കില്ലെ, ഇത് സാങ്കേതിക സംവിധാനങ്ങൾക്ക് പ്രശ്നമാകില്ലെ എന്നും ചോദിക്കുന്നവരുണ്ട്.

വ്യക്തമായി പറഞ്ഞാൽ ബഹിരാകാശ നിലയം ഭൂമിയെപ്പോലെയല്ല. ഒരാളുടെ മുടിയിൽ നിന്ന് നീക്കം ചെയ്യുന്ന ഓരോ മുടിയിഴയും ഉടനടി ഒഴിവാക്കിയില്ലെങ്കിൽ മൈക്രോഗ്രാവിറ്റിയിൽ പറന്നുകൊണ്ടേയിരിക്കും. അനാവശ്യമായ മുടി പ്രശ്‌നങ്ങൾ ഒഴിവാക്കാൻ നിലയത്തിലുള്ള ബഹിരാകാശയാത്രികർ പ്രത്യേകം രൂപകൽപന ചെയ്‌ത ഒരു വാക്വം ഘടിപ്പിച്ച ട്രിമ്മർ ആണ് ഉപയോഗിക്കുന്നത്. ഇതുവഴി വെട്ടുന്ന മുടി അതിനകത്തേക്ക് തന്നെ വലിച്ചെടുക്കും.

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിലവിൽ ഏഴ് ബഹിരാകാശ സഞ്ചാരികളാണ് ഉള്ളത്. അടുത്ത ആറ് മാസം രാജയും സംഘവും നിലയത്തില്‍ തുടരുമെന്നാണ് കരുതുന്നത്.

Top