നവകേരള സദസ്സിന്റെ വിജയം പ്രതിപക്ഷ നേതാവിന്റെ നിലതെറ്റിച്ചു ; പി രാജീവ്

തിരുവനന്തപുരം: നവകേരള സദസ്സിന്റെ വിജയം പ്രതിപക്ഷ നേതാവിന്റെ നിലതെറ്റിച്ചുവെന്ന് മന്ത്രി പി രാജീവ്. കോണ്‍ഗ്രസിന് സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അതിന്റെ ഭാഗമായി എന്തൊക്കെയോ ചെയ്യുന്നു എന്നും പി രാജീവ് ചൂണ്ടിക്കാണിച്ചു. പ്രതിപക്ഷ നേതാവ് ഇരുമ്പുവടികളുമായി ഒരു സംഘത്തെ നയിക്കുന്നു. ആരാണ് ക്രിമനല്‍ എന്ന് കേരളം കണ്ടു. പ്രതിപക്ഷം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നുവെന്നും പി രാജീവ് വ്യക്തമാക്കി.

പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രയോഗത്തില്‍ ദുര്‍ബലപ്പെടുന്നു. സുരക്ഷാവീഴ്ച്ച ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ചര്‍ച്ചകളില്ലാതെ ബില്ലുകള്‍ പാസ്സാക്കി. ഭൂരിപക്ഷം ഉണ്ടായിട്ടും കേന്ദ്രം ചര്‍ച്ചകളെ ഭയക്കുന്നുവെന്നും പി രാജീവ് കുറ്റപ്പെടുത്തി.കേരളത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത്, ബിജെപിയുമായി സഹകരിക്കുന്നതിന് തുല്യം. സംഘപരിവാറിനെ അനുകൂലിക്കുന്ന കെപിസിസി അധ്യക്ഷന്റെ പാര്‍ട്ടിയുമായി എങ്ങനെ സഹകരിക്കുമെന്നും പി രാജീവ് ചോദിച്ചു.

ഗവര്‍ണര്‍ വിഷയത്തിലും പി രാജീവ് നിലപാട് വ്യക്തമാക്കി. ഇതുപോലെ ഒരാള്‍ ചാന്‍സലര്‍ ആവരുത്. ചാന്‍സലര്‍ ജനാധിപത്യത്തെ, ഭരണഘടനയെ അംഗീകരിച്ചാല്‍ പ്രശ്‌നം തീരുമെന്നും രാജീവ് പറഞ്ഞു. പാര്‍ലമെന്റില്‍ നിന്നും പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത വിഷയത്തിലും പി രാജീവ് പ്രതികരിച്ചു. ലോക്‌സഭയില്‍ ജനാധിപത്യത്തെ ഇല്ലാതാക്കുന്നു .

Top